നടി മീര ചോപ്ര അനധികൃതമായി വാക്‌സിന്‍ സ്വീകരിച്ചു; ആരോപണവുമായി ബി.ജെ.പി, പ്രതികരിച്ച് താരം

നടി മീര ചോപ്ര “അനധികൃത”മായി വാക്‌സിന്‍ സ്വീകരിച്ചതെന്ന പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര താനെ കോര്‍പ്പറേഷന്‍. വ്യാജ തിരിച്ചറി.ല്‍ കാര്‍ഡ് ഉപയോഗിച്ച് മീര കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു എന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ചതോടെയാണം് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

ഒരു സ്വകാര്യ സ്ഥാപനത്തിലെ സൂപ്പര്‍വൈസറാണെന്ന തരത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്, ടി.എം.സി. പാര്‍ക്കിങ് പ്ലാസാ സെന്ററില്‍നിന്ന് മുന്‍നിര പോരാളികള്‍ക്കായി വിതരണം ചെയ്ത വാക്സിന്‍ മീര സ്വീകരിച്ചു എന്നാണ് ശനിയാഴ്ച ബി.ജെ.പി ആരോപണം ഉന്നയിച്ചത്.

എന്നാല്‍ ഈ ആരോപണം നിഷേധിച്ച് മീര രംഗത്തെത്തി. ഒരു മാസത്തോളം പരിശ്രമിച്ചതിന് ശേഷമാണ് തനിക്ക് ഒരു സെന്ററില്‍ വാക്‌സിന്‍ എടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞത്. ഇതിനായി പരിചയമുള്ള ആളെ സമീപിച്ചെന്നും ആധാര്‍ കാര്‍ഡ് നല്‍കിയിരുന്നതായും മീര പറയുന്നു.

രജിസ്ട്രേഷനു വേണ്ടി തന്നോട് ആധാര്‍ കാര്‍ഡ് ആണ് ആവശ്യപ്പെട്ടതെന്നും ആ തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണ് താന്‍ നല്‍കിയത്. ഇത്തരം നടപടികളെ അപലപിക്കുന്നുവെന്നും അത്തരം തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എന്തിനെന്നും എങ്ങനെയെന്നും അറിയണമെന്നും മീര വ്യക്തമാക്കി.