മായാനദി, തിരക്കഥയില്ലാതെ ചിത്രീകരിച്ച സിനിമ; തുറന്നുപറഞ്ഞ് ബിനു പപ്പു

തിരക്കഥയില്ലാതെ ചിത്രീകരണം നടത്താമെന്ന് തെളിയിച്ച സിനിമയാണ് ‘മായാനദി’ യെന്ന് നടന്‍ ബിനു പപ്പു. ഒരു വരി പോലും എഴുതാത്ത സിനിമയാണെന്നും ഒരു യാത്രയിലാണ് ചിത്രത്തിന്റെ കഥ ഉണ്ടായതെന്നും ബിനു പറയുന്നു. ക്ലബ് എഫ്എമ്മിന്റെ സ്റ്റാര്‍ ജാം എന്ന പരിപാടിയിലാണ് നടന്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്.

‘സ്‌ക്രിപ്റ്റ് ഇല്ലാതെ ഷൂട്ട് ചെയ്യാമെന്ന് തെളിയിച്ച സിനിമയാണ് ‘മായാനദി’. ഒരു വരിപോലും എഴുതിയിട്ടില്ല. ഒരു സിനിമ ചെയ്യാമെന്ന് ഉദ്ദേശിച്ച് ഞങ്ങള്‍ ഒരു യാത്ര പോയി. ശ്യാം പുഷ്‌കരന്‍, ആഷിഖ് അബു, പിന്നെ ഞാനും. ഞാനെന്തിനാണ് അവര്‍ക്കൊപ്പം പോയതെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

പറയുന്നത് മുഴുവന്‍ ഓര്‍ത്ത് വച്ചോളൂ അതാണ് സ്‌ക്രിപ്റ്റ് എന്ന് ശ്യാം പറഞ്ഞു. ഞങ്ങള്‍ എറണാകുളത്ത് നിന്ന് വണ്ടിയില്‍ കൊടൈക്കനാല്‍, മധുര, മൂന്നാര്‍ ഒക്കെ കറങ്ങി. യാത്രയില്‍ ചിത്രത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ഞാന്‍ ഇവര്‍ പറയുന്നത് കേട്ടുകൊണ്ട് ഇരിക്കുമ്പോള്‍ ശ്യാം എന്താണ് ഒന്നും സംസാരിക്കാതെ ഇരിക്കുന്നത് എന്ന് ചോദിച്ചു. നിങ്ങള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറണ്ട എന്ന് കരുതിയാണ് മിണ്ടാത്തതെന്ന് പറഞ്ഞു. ശ്യാം പുഷ്‌കരന്‍ എന്നോട് അഭിപ്രായം പറയാന്‍ ആവശ്യപ്പെട്ടു.

ഞങ്ങള്‍ അസ്സോസിയേറ്റ്‌സ് ആണ് ചിത്രത്തിന്റെ വണ്‍ ലൈന്‍ ഉണ്ടാക്കുന്നത്. ആഷിഖ് അബുവിന്റെ തലയില്‍ ഈ കഥ ഉണ്ട്. ഷൂട്ട് ചെയുന്ന സമയത്ത് ശ്യാം അഭിനേതാക്കളോട് സംഭാഷണങ്ങള്‍ പറയും. അങ്ങനെയാണ് മായാനദി ഉണ്ടായത്’ ബിനു പപ്പു പറഞ്ഞു.