മമ്മൂട്ടി ചിത്രത്തിന് പിന്നാലെ 'ഭോലാ ശങ്കറും' ദുരന്തം, നിര്‍മ്മാതാവിന് നഷ്ടം 100 കോടി; പ്രതിഫലം തിരികെ നല്‍കി ചിരഞ്ജീവി

ചിരഞ്ജീവിയുടെ കരിയറില്‍ മറ്റൊരു ദുരന്തമായി ‘ഭോല്ാ ശങ്കര്‍’. ഓഗസ്റ്റ് 11ന് റിലീസ് ചെയ്ത ചിത്രത്തിന് ബോക്‌സോഫീസില്‍ നിന്നും 50 കോടി പോലും നേടാന്‍ കഴിഞ്ഞിട്ടില്ല. 100 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ മാത്രമല്ല ആരാധകരും തഴഞ്ഞ മട്ടിലാണ്. പല തിയേറ്ററുകളിലും ഷോ ക്യാന്‍സല്‍ ചെയ്യുകയാണ്.

ആന്ധ്രയിലും തെലങ്കാനയിലുമുള്ള തിയേറ്ററുകളില്‍ നിന്നും റിലീസ് ദിവസം തന്നെ നെഗറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇവിടെ രജനികാന്ത് ചിത്രം ‘ജയിലര്‍’ ആണ് മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറി കൊണ്ടിരിക്കുന്നത്. ചിത്രത്തിനായി 65 കോടിയാണ് ഈ സിനിമയ്ക്കായി ചിരഞ്ജീവി പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.

സിനിമ ഫ്‌ളോപ്പ് ആയതോടെ തന്റെ പ്രതിഫലത്തുകയില്‍ 10 കോടി നിര്‍മ്മാതാവ് അനില്‍ സുങ്കരയ്ക്ക് മടക്കു നല്‍കിയെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് അനില്‍ സുങ്കരയ്ക്ക് ഇത് ഇരട്ടി ആഘാതമാണ്. ഭോല ശങ്കറിന് മുമ്പ് അനില്‍ നിര്‍മ്മിച്ചത് ‘ഏജന്റ്’ എന്ന സിനിമയാണ്.

അഖില്‍ അക്കിനേനിയും മമ്മൂട്ടിയും വേഷമിട്ട ഏജന്റും ബോക്‌സോഫീസില്‍ വന്‍ ദുരന്തമായിരുന്നു. 67 കോടി ബജറ്റില്‍ ഒരുക്കിയ ഏജന്റിന് ആകെ ലഭിച്ചത് 12 കോടിയുടെ ബിസിനസാണ്. ഇതിന് ശേഷമാണ് വന്‍ ലാഭമുണ്ടാകും എന്ന ആഗ്രഹത്തോടെ അനില്‍ ഭോല ശങ്കര്‍ എടുത്തത്. എന്നാല്‍ ഈ ചിത്രവും തിയേറ്ററില്‍ പരാജയമായിരുന്നു.

Read more

ഇതോടെ ഈ രണ്ട് സിനിമയിലൂടെ നിര്‍മ്മാതാവിന് ഉണ്ടായിരിക്കുന്നത് 100 കോടി രൂപയുടെ നഷ്ടമാണ്. അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ റീമേക്ക് ആണ് ഭോലാ ശങ്കര്‍. അജിത്ത് അവതരിപ്പിച്ച നായക കഥാപാത്രം ചിരഞ്ജീവി അവതരിപ്പിച്ചത് കോമഡിയായി എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മെഹര്‍ രമേശ് ആണ് ചിത്രം സംവിധാനം ചെയ്തത്.