'വെല്‍ക്കം ബാക്ക്' പറഞ്ഞ് പ്രേക്ഷകരും; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്', പ്രേക്ഷക പ്രതികരണം

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ തിരിച്ചെത്തിയ ഭാവനയെ സ്വീകരിച്ച് പ്രേക്ഷകര്‍. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ”നല്ല സിനിമ. ഭാവനയുടെ ഗംഭീര തിരിച്ചു വരവ്.

ഷറഫുദ്ദീന്‍, അശോകന്‍, മറിയം എന്ന കഥാപാത്രം ചെയ്ത കുട്ടി… ഓരോരുത്തരുടെയും മികച്ച പ്രകടനം” എന്നാണ് ഒരു അഭിപ്രായം. ”ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രം രണ്ടാമതും അവസരങ്ങള്‍ ലഭിക്കുന്നതിനെ കുറിച്ച് എടുത്തൊരു ചിത്രമാണ്. അതിനാല്‍ ഭാവനയെ കാസ്റ്റ് ചെയ്തത് അനുയോജ്യമായി. ഷറഫുദ്ദീന്‍ മനസില്‍ നിറഞ്ഞു” എന്നാണ് ട്വിറ്ററില്‍ എത്തിയ ഒരു അഭിപ്രായം.

ഭാവനയെ വീണ്ടും മലയാള സിനിമയില്‍ കാണാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് പ്രേക്ഷകര്‍ പങ്കുവച്ചിരിക്കുന്നത്. 2017ല്‍ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന ചിത്രത്തിന് ശേഷമാണ് ഭാവന വീണ്ടും മലയാളത്തില്‍ എത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകന്‍.

നവാഗതനായ ആദില്‍ മൈമൂനത്താണ് സിനിമയുടെ സംവിധായകന്‍. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, അഫ്സാന ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

Read more

അരുണ്‍ റഷ്ദിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ഒരുക്കിയത് ബിജിബാലാണ്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.