'മറ്റൊരു ഇന്നിംഗ്സ് ആരംഭിക്കുകയാണ്' എന്ന് ഭാവന; 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' തിയേറ്ററുകളില്‍

ഭാവനയുടെ തിരിച്ചുവരവിന് ആശംസകള്‍ നേര്‍ന്ന് സിനിമാലോകം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ എത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ഇന്ന് തിയേറ്ററുകളില്‍ എത്തി. ടൈഗര്‍ ഷ്രോഫ്, മാധവന്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, പര്‍വതി തുടങ്ങി നിരവധി താരങ്ങള്‍ ഭാവനയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

”ഈ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഞാന്‍ മലയാള സിനിമയില്‍ അഭിനയിക്കണമെന്ന് നിര്‍ബന്ധിച്ച എല്ലാവര്‍ക്കും നന്ദി. മറ്റൊരു ഇന്നിങ്‌സ് ആരംഭിക്കുകയാണ്” എന്നാണ് ഭാവനയുടെ പ്രതികരണം. 2017ല്‍ പുറത്തിറങ്ങിയ ‘ആദം ജോണ്‍’ എന്ന ചിത്രത്തിന് ശേഷമാണ് ഭാവന വീണ്ടും മലയാളത്തില്‍ എത്തുന്നത്.

ഷറഫുദ്ദീനാണ് ചിത്രത്തില്‍ നായകന്‍. നവാഗതനായ ആദില്‍ മൈമൂനത്താണ് സിനിമയുടെ സംവിധായകന്‍. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, അഫ്‌സാന ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

Read more

അരുണ്‍ റഷ്ദിയാണ് ഛായാഗ്രഹണം. പശ്ചാത്തല സംഗീതം ഒരുക്കിയത് ബിജിബാലാണ്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്.