ഒടിയനെയും മരക്കാറിനെയും മറികടക്കാനാകാതെ ബീസ്റ്റ്, കേരളത്തിലെ ആദ്യ ദിന കളക്ഷന്‍

ഒരു അന്യ ഭാഷാ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ ദിന കളക്ഷന്‍ നേടി വിജയ് ചിത്രം ബീസ്റ്റ്. ആദ്യ ദിനം കേരളത്തില്‍ നിന്നും ആറു കോടി അറുപതു ലക്ഷം ആണ് ബീസ്റ്റ് നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു കോടിക്ക് മുകളില്‍ നേടിയ വിജയ് ചിത്രം സര്‍ക്കാറിന്റെ റെക്കോഡാണ് ബീസ്റ്റ് മറികടന്നിരിക്കുന്നത്.

എന്നാല്‍ ബീസ്റ്റിന് മലയാള സിനിമകളെ മറികടക്കാനായില്ല. ഏഴ് കോടി ഇരുപതു ലക്ഷം നേടിയ ഒടിയന്‍, ആറു കോടി എഴുപതു ലക്ഷത്തോളം നേടിയ മരക്കാര്‍ എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഈ ലിസ്റ്റില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉള്ളത്. ഒടിയന്‍, മരക്കാര്‍, ലൂസിഫര്‍, ബീസ്റ്റ്, സര്‍ക്കാര്‍ എന്നിവയാണ് ആദ്യ ദിന കളക്ഷന്‍ ലിസ്റ്റില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്.

എന്നാല്‍ ബീസ്റ്റിനും ഒടിയന്‍, മരക്കാര്‍ ചിത്രങ്ങള്‍ക്കും കെജിഎഫ് 2 ഭീക്ഷണിയാകുമെന്നാണ് വിവരം. ഈ ചിത്രങ്ങളുടെ റെക്കോഡുകളെല്ലാം കെജിഎഫ് തിരുത്തികുറിക്കുമെന്നാണ് സംസാരം. ഒരു ദിവസം കൂടി കാത്താല്‍ അത് അറിയാനാവും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 വിന് വമ്പന്‍ വരവേല്‍പ്പ്. റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എന്നാല്‍ ഇന്നലെ തിയേറ്ററുകളിലെത്തിയ ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്.