'ബാദുഷ ലൗവേഴ്സ്'; ഒന്നാം വാര്‍ഷിക ആഘോഷം കൊച്ചിയില്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയുടെ ആരാധക കൂട്ടായ്മയായ ‘ബാദുഷ ലൗവേഴ്സി’ന്റെ ഒന്നാം വാര്‍ഷിക ദിനം ‘മീറ്റപ്പ് 2021’ എന്ന പേരില്‍ എറണാകുളത്ത് ആഘോഷിച്ചു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 70ല്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുത്ത മീറ്റപ്പ് 2021 വൈഎംസിഎ ഹാളിലാണ് സംഘടിപ്പിച്ചത്.

ചടങ്ങില്‍ ബാദുഷ അക്കാദമിയുടെ ഔദ്യോഗിക പ്രഖ്യാപനവും സ്വദേശത്തും വിദേശത്തുമായി 17 സ്ഥലങ്ങളില്‍ അക്കാദമിക്ക് പ്രവര്‍ത്തിക്കാനുള്ള അംഗീകാരവും നല്‍കി. ബാദുഷ അക്കാദമി എന്നത് സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലേക്കുള്ള ചവിട്ടുപടിയായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കോവിഡ് പ്രതിസന്ധികാലത്ത് വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ രൂപംകൊണ്ട ‘കോവിഡ് കമ്മ്യൂണിറ്റി കിച്ചണ്‍’ എന്ന ‘സിനിമാ കിച്ചണ്‍’ മുതല്‍ ദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യഭ്യാസത്തിനുള്ള സഹായമെത്തിക്കല്‍, ചികിത്സാ സഹായം നല്‍കല്‍ തുടങ്ങി ഒട്ടനവധി സാമൂഹിക വിഷയങ്ങളില്‍ ചെറുതല്ലാത്ത സംഭാവനകള്‍ക്ക് നേതൃത്വം നല്‍കുന്ന ബാദുഷ ലൗവേഴ്സിന്റെ പുതിയ ചുവടുവെപ്പാണ് ബാദുഷ അക്കാദമി.

സോഷ്യല്‍ മീഡിയയില്‍ ഏഴായിരത്തിലധികം ഫോളോവേഴ്സുള്ള കൂട്ടായ്മയാണിന്ന് ‘ബാദുഷ ലൗവേഴ്സ്’. സിനിമക്ക് അകത്തും പുറത്തുമുള്ള, സമൂഹത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നല്‍കുന്ന സഹായങ്ങള്‍ ഏകോപിപ്പിച്ചും ബാദുഷയുടെ സ്വന്തം വരുമാനത്തിലെ ഒരു വിഹിതം മാറ്റിവെച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം കണ്ടെത്തുന്നത്.

കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്കുള്ള അക്കാദമി അംഗീകാരം നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യലും മീറ്റപ്പില്‍ നടന്നു. ‘അത്യവശ്യക്കാരായ ഒരാളെയെങ്കിലും ഒരുദിവസം സഹായിക്കാന്‍ സാധിക്കുക എന്നതാണ് ബാദുഷ ലൗവേഴ്സ് ലക്ഷ്യം വെക്കുന്നത്’ മുഖ്യ കോ-ഓര്‍ഡിനേറ്ററും മലയാള സിനിമയിലെ പിആര്‍ഒയുമായ ശിവപ്രസാദ് പറഞ്ഞു.

ചടങ്ങ് എന്‍.എം ബാദുഷ ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍മാരായ അസ്ലം പുല്ലേപ്പടി, ഹമദ് ബിന്‍ ബാബ, രാജ എസ് കരീം, റഫീക്ക് അരൂര്‍, നവാസ് ചന്തിരൂര്‍, ജിനു വി നാഥ്, ജിത്ത് പിരപ്പന്‍ങ്കോട്, ആചാരി ഗോവിന്ദ്, മഞ്ജു ബാദുഷ തുടങ്ങിയവര്‍ സംസാരിച്ചു. വൈഎംസിഎ ഹാളില്‍ ഉച്ചക്ക് രണ്ടരക്ക് ആരംഭിച്ച ‘മീറ്റപ്പ് 2021’ രാത്രിയോടെ അവസാനിച്ചു