'പാമ്പുകള്‍ കരഞ്ഞുകൊള്ളും, പാമ്പാട്ടികള്‍ കരയേണ്ടതില്ല'; നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയെ പിന്തുണച്ച് ബാബുരാജ്

സിനിമകളുടെ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിടുന്നതിനെതിരെ പ്രതികരിച്ച നിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിളയെ പിന്തുണച്ച് നടന്‍ ബാബുരാജ്. സന്തോഷ് ടി കുരുവിള കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ഷെയര്‍ ചെയ്തു കൊണ്ടാണ് ബാബുരാജ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

മലയാളത്തില്‍ ഇറങ്ങുന്ന സിനിമകളുടെ മാസാവലോകന റിപ്പോര്‍ട്ടുകള്‍ അതും വളരെ കോണ്‍ഫിഡന്‍ഷ്യല്‍ സ്വഭാവത്തിലുള്ള കണക്കുകള്‍ പുറത്തിട്ട് അലക്കാന്‍ ഇവരെയൊക്കെ ആര് എല്‍പ്പിച്ചു എന്നറിയില്ല എന്നാണ് സന്തോഷ് ടി. കുരുവിള സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത്തരം പ്രവൃത്തികള്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ അവസാനിപ്പിക്കണം എന്ന് പറഞ്ഞു കൊണ്ടായിരുന്നു നിര്‍മ്മാതാവിന്റെ കുറിപ്പ്.

‘ഞാന്‍ സന്തോഷ് ടി കുരുവിളയെ പിന്തുണയ്ക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് നിര്‍മ്മാതാവിന്റെ കുറിപ്പിന്റെ ഒരു ഭാഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് ബാബുരാജ് പങ്കുവച്ചിരിക്കുന്നത്.

”വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കില്‍ സിനിമാ നിര്‍മ്മാണം നിലയ്ക്കുക തന്നെ ചെയ്യും. ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങള്‍ക്ക് വിധേയമാണ്. അത് മുറുക്കാന്‍ കട നടത്തിയാലും തട്ടുകട നടത്തിയാലും വന്‍കിട വ്യവസായങ്ങള്‍ നടത്തിയാലും ഉണ്ടാവും. സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ്. എല്ലാവര്‍ക്കും അത് സാധ്യവുമല്ല. കേവലമായ ലാഭത്തിന്റെ ഭാഷ മാത്രമല്ല അത്. അതൊരു പാഷനാണ്. മിടുക്കുള്ളവര്‍ ഈ രംഗത്ത് അതിജീവിയ്ക്കും.”

”ചിലര്‍ വിജയിച്ചു നില്‍ക്കുമ്പോള്‍ തന്നെ രംഗം വിടും. അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ‘ വിഷന്‍ ‘ അനുസരിച്ചാവും. ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങള്‍ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട് , അത് അറിയാതെ പോവരുത്. പാമ്പുകള്‍ പടം പൊഴിയ്ക്കുമ്പോള്‍ പാമ്പുകള്‍ കരഞ്ഞുകൊള്ളും. പാമ്പാട്ടികള്‍ കരയേണ്ടതില്ല. മാറ്റമില്ലാത്തത് എന്തിനാണ്? സിനിമകള്‍ മാറട്ടെ, നിക്ഷേപ സാധ്യതകളും മാറട്ടെ, ഈ രംഗം മാനം മുട്ടെ വളരട്ടെ! #ചില്ലുമേടയില്‍ ഇരുന്ന് കല്ലെറിയരുത്” എന്ന ഭാഗമാണ് ബാബുരാജ് പങ്കുവച്ചിരിക്കുന്നത്.

Read more