ഫോണ്‍കെണി പ്രമേയമാകുന്ന 'ഖെദ'; ആശ ശരത്തും മകള്‍ ഉത്തര ശരത്തും ഒന്നിക്കുന്ന ചിത്രം പൂര്‍ത്തിയായി

ആശ ശരത്തും മകള്‍ ഉത്തര ശരത്തും ഒന്നിക്കുന്ന “ഖെദ” ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ മനോജ് കാന സംവിധാനം ചെയ്യുന്ന ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. ഏറെ സാമൂഹിക പ്രസക്തിയുള്ള ചിത്രം ബന്ധങ്ങളെ ശിഥിലമാക്കുന്ന ഫോണ്‍കെണിയുടെ കഥയാണ് പറയുക.

ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ചായില്യം, അമീബ, കെഞ്ചിര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനോജ് കാന ഒരുക്കുന്ന ചിത്രമാണ് ഖെദ്ദ. തന്റെ കഴിഞ്ഞ ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഖെദ്ദ എന്നാണ് സംവിധായകന്‍ പറയുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്. അറിഞ്ഞോ അറിയാതെയോ സ്ത്രീകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ എന്ന കെണിയില്‍ പെടുകയാണ്. അത്തരം സംഭവങ്ങളെ കേന്ദ്രീകരിച്ചാണ്ചിത്രമെന്നും മനോജ് കാന വ്യക്തമാക്കി.

സവിത, ചിഞ്ചു എന്നീ കഥാപാത്രങ്ങളായാണ് ആശയും ഉത്തരയും വേഷമിടുന്നത്. സുധീര്‍ കരമന, സരയു, അനുമോള്‍, ജോളി ചിറയത്ത്, ബാബു കിഷോര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. കോവിഡ് ടെസ്റ്റ്, മാസ്‌ക്ക്, സാനിറ്റൈസര്‍ തുടങ്ങി സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ലൊക്കേഷനില്‍ ഒരുക്കിയിരുന്നു.

എഴുപുന്ന, എരമല്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഖെദ്ദയുടെ ചിത്രീകരണം. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നേടിയ പ്രതാപ് പി നായര്‍ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കോസ്റ്റ്യൂം ഡിസൈനര്‍-അശോകന്‍ ആലപ്പുഴ, മേക്കപ്പ്-പട്ടണം ഷാ, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രിയേഷ് കുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍- ഉമേഷ് അംബുജേന്ദ്രന്‍.