മമ്മൂട്ടി ചിത്രം ബിഗ്ബി തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴും നിരവധി പേരുടെ പ്രിയപ്പെട്ട സിനിമയാണ്. അമൽ നീരദിന്റെ സംവിധാനത്തിൽ 2007ൽ പുറത്തിറങ്ങിയ ചിത്രം മേക്കിങ് കൊണ്ടും മമ്മൂട്ടിയുടെ പ്രകടനം കൊണ്ടുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ബിഗ്ബിയിലെ ഓരോ കഥാപാത്രങ്ങളും ഡയലോഗുകളുമെല്ലാം തന്നെ പ്രേക്ഷകരുടെ മനസിൽ നിറഞ്ഞുനിൽക്കുന്നവയാണ്. ചിത്രത്തിലെ ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന് തുടങ്ങുന്ന മമ്മൂട്ടിയുടെ ഡയലോഗ് സൂപ്പർ ഹിറ്റാണ്. മമ്മൂട്ടി ചിത്രത്തിലെ ഈ ഡയലോഗിനെ ഇപ്പോൾ കോപ്പിയടിച്ചിരിക്കുകയാണ് ഒരു തമിഴ് സിനിമ.
അരുൺ വിജയ് നായകനായി എത്തുന്ന രെട്ട തല എന്ന സിനിമയിലാണ് ബിഗ് ബിയിലെ ഈ ഡയലോഗ് ഉപയോഗിച്ചിരിക്കുന്നത്. ‘ഗോവ പഴയ ഗോവ അല്ല, പക്ഷേ ഉപേന്ദ്ര പഴയ ഉപേന്ദ്ര തന്നെയാണ്’ എന്നാണ് സിനിമയിലെ ഡയലോഗ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഈ കോപ്പിയടി മലയാളികൾ കണ്ടുപിടിക്കുകയായിരുന്നു. നിരവധി പേരാണ് ടീസറിന് താഴെ അള്ളാ ബിലാലിക്കേടെ ഡയലോഗ് എന്ന കമന്റുകളുമായി എത്തിയിരിക്കുന്നത്.
ക്രിസ് തിരുക്കുമാരൻ സംവിധാനം ചെയ്യുന്ന രെട്ട തലയിൽ സിദ്ധി ഇദ്നാനി, തന്യ രവിചന്ദ്രൻ, യോഗി സാമി, ജോൺ വിജയ്, ഹരീഷ് പേരടി, ബാലാജി മുരുകദോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺ വിജയ് ഡബിൾ റോളിലാണ് സിനിമയിൽ എത്തുന്നത്. സാം സി എസ് ആണ് സംഗീത സംവിധാനം.









