'സണ്ണിച്ചാ, കൊറോണക്കിടയിലും സന്തോഷിപ്പിച്ചതിന് നന്ദി'; ഹൗസ്ഫുള്‍ ഷോകളുമായി അനുഗ്രഹീതന്‍ ആന്റണി

ഒരു വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തിയ സണ്ണി വെയ്ന്‍ ചിത്രം “അനുഗ്രഹീതന്‍ ആന്റണി”ക്ക് മികച്ച സ്വീകരണം. ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രം ദിവസങ്ങള്‍ക്ക് ശേഷവും ഹൗസ് ഫുള്‍ ഷോകളുമായാണ് പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് നിര്‍മ്മിക്കുന്നത്.

96 ഫെയിം ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ നായികയായി എത്തിയ ചിത്രം കൂടിയാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണിച്ചാ ഇത്ര നല്ല പടം തന്ന് ഞങ്ങളെ കൊറോണക്കിടയിലും സന്തോഷിപ്പിച്ചതിന് നന്ദി, പടം കണ്ടു കരഞ്ഞു പോയി, ലാസ്റ്റ് സീന്‍ മനസില്‍ തട്ടി എന്നിങ്ങനെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്ക് എത്തിയത്. അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ കാമിനി അടക്കമുള്ള ഗാനങ്ങളും ടീസറും ട്രെയ്ലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജിഷ്ണു എസ് രമേശിന്റേയും, അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. സെല്‍വകുമാര്‍ ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

Read more