അന്ന ബെന്നിന്റെ 'സാറാസ്' ആമസോണ്‍ പ്രൈമില്‍; റിലീസ് തിയതി പുറത്ത്

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ഒരുക്കുന്ന “സാറാസ്” ഒ.ടി.ടി റിലീസിന്. ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 5ന് ചിത്രം റിലീസ് ചെയ്യും.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. തിരക്കേറിയ മാര്‍ക്കറ്റില്‍ മത്തങ്ങയും പിടിച്ച് നില്‍ക്കുന്ന അന്നയുടെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആയി പുറത്തെത്തിയത്.

അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പ്രസവിക്കാന്‍ താത്പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥയാണ് സാറാസ് പറയുക.

കോവിഡ് കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് സാറാസ് പൂര്‍ത്തിയാക്കിയത് എന്ന് ജൂഡ് ആന്റണി പറഞ്ഞിരുന്നു. നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 38 ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

കോവിഡ് മാനദണ്ഡങ്ങളെല്ലാം സ്വീകരിച്ച് ആയിരുന്നു ഷൂട്ടിംഗ്. സണ്ണി വെയ്ന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, പ്രശാന്ത്, ധന്യ വര്‍മ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഡോ. അക്ഷയ് ഹരീഷിന്റേതാണ് തിരക്കഥ.

Read more

ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ഷാന്‍ റഹമാന്‍. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചിത്രത്തില്‍ പാടുന്നുണ്ട്. ക്ലാസ്മേറ്റ്സ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.