അനീസിന്റെ ദി സ്‌മോള്‍ ടൗണ്‍ സീ വെള്ളിത്തിരയിലേക്ക്; ശ്യാമപ്രസാദ് സംവിധായകന്‍

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്റെ ദി സ്മോള്‍ ടൗണ്‍ സീ എന്ന പുസ്തകം സിനിമയാകുന്നു. പിതാവ് മരണത്തോട് മല്ലടിച്ച് കിടക്കുന്ന സമയത്ത് കടലോര പട്ടണത്തിലേക്ക് താമസം മാറുന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ കഥ പറയുന്ന ദി സ്‌മോള്‍ ടൗണ്‍ സീ ദേശീയ പുരസ്‌കാര ജേതാവായ ശ്യാമപ്രസാദാണ് സിനിമയാക്കുന്നത്. വായിച്ചപ്പോള്‍ തന്നെ അത്  സിനിമയാക്കാന്‍ ആഗ്രഹം തോന്നിയിരുന്നുവെന്ന് ശ്യാമപ്രസാദ് പറയുന്നു. ചിത്രം ഈ വര്‍ഷം പാതിയോടെ ഷൂട്ടിങ്ങ് ആരംഭിയ്ക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും മറ്റ് കാര്യങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്യാമപ്രസാദിന് ദേശീയ പുരസ്‌കാരം ലഭിച്ച അഗ്‌നിസാക്ഷി, ലളിതാംബിക അന്തര്‍ജനത്തിന്റെ അതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു. ടെന്നീസീ വില്യംസിന്റെ “ദ ഗ്ലാസ് മെനാജിരി” എന്ന പുസ്തകം “അകലെ”യായപ്പോഴും ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 2011ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആര്‍ട്ടിസ്റ്റ് എന്ന ചിത്രം പരിതോഷ് ഉത്തമിന്റെ “ഡ്രീംസ് ഇന്‍ പ്രഷന്‍ ബ്ലൂ” എന്ന പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു. മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ചിത്രം നേടുകയും ചെയ്തു.

വാനിറ്റി ബാഗ്, വിക്ക്സ് മാംഗോ ട്രീ, ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ്, ടെയില്‍സ് ഫ്രം എ വെന്‍ഡിങ് മെഷീന്‍ എന്നിവയാണ് അനീസ് സലീമിന്റെ കൃതികള്‍. ബ്ലൈന്‍ഡ് ലേഡീസ് ഡിസന്റന്‍സ് എന്ന പുസ്തകത്തിനാണ് അനീസ് സലിമിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.