കാനില്‍ പുതിയ ചരിത്രം, മികച്ച നടിയായി അനസൂയ സെന്‍ഗുപ്ത; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി

കാന്‍ ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത. ‘ഷെയിംലെസ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാന്റിന്‍ ബോന്‍ജനോവാണ് ചിത്രം സംവിധാനം ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച് ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് രക്ഷപ്പെടുന്ന ലൈംഗിക തൊഴിലാളിയുടെ കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്മ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങള്‍ക്കും തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.

അതേസമയം, മൂന്ന് പതിറ്റാണ്ടിന് ശേഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ പാമിനായി ഒരു ഇന്ത്യന്‍ ചിത്രം മത്സരിക്കുന്നു എന്ന പ്രത്യേകതയും ഈ വര്‍ഷമുണ്ട്. ‘ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’ ആണ് പാമിനായി മത്സരിക്കുന്നത്.

Read more

മലയാളം താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പായല്‍ കപാഡിയ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനത്തിലൊരുങ്ങി 1994ല്‍ പുറത്തിറങ്ങിയ ‘സ്വം’ ആണ് ഇതിന് മുന്നേ ഇന്ത്യയില്‍ നിന്ന് കാനില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ച ആദ്യ ചിത്രം.