ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്: അനാര്‍ക്കലി മരയ്ക്കാര്‍

“കാളി” എന്ന ഫോട്ടോഷൂട്ട് ചെയ്തതില്‍ മാപ്പു ചോദിച്ച് നടി അനാര്‍ക്കലി മരയ്ക്കാര്‍. നടന്‍ അജു വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഫോട്ടോഷൂട്ട് പുറത്തു വിട്ടത്. പിന്നാലെ വര്‍ഗീയതയും വര്‍ണവിവേചനവും പ്രചരിപ്പിക്കുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. തനിക്ക് തെറ്റുപറ്റി ഇനിയിത് ആവര്‍ത്തിക്കില്ലെന്ന കുറിപ്പോടെയാണ് അനാര്‍ക്കലിയുടെ പോസ്റ്റ്.

അനാര്‍ക്കലി മരക്കാറിന്റെ കുറിപ്പ്:

എല്ലാവര്‍ക്കും നമസ്‌കാരം,

ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ അറിവോടെയാണ് ഞാനാ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തത്. ആദ്യം പറഞ്ഞിരുന്ന തീം മറ്റൊന്ന് ആയിരുന്നു. സാങ്കേതിക ബുദ്ധിമുട്ടുകള്‍ കൊണ്ട് അത് നടക്കാതെ പോയതും, ശേഷം തീം മാറ്റം വരുത്തി കാളി എന്നാക്കി എന്നെന്നെ വിളിച്ചറിയിക്കുകയുമായിരുന്നു. പിന്നീട് NO പറയാന്‍ പറ്റിയില്ല എന്നുള്ളതാണ് എന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ്. അതിന്റെ രാഷ്ട്രീയ ശരികേടുകള്‍ മനസിലാവാഞ്ഞിട്ടല്ല.

അപ്പോഴത്തെ സാഹചര്യത്തില്‍ അതങ്ങ് ചെയ്തു കളയാം, പോട്ടേ എന്ന് മാത്രമേ അലോചിച്ചുള്ളു. എന്നെ ക്ഷണിച്ചയാളോട് തീം മാറ്റിയപ്പോള്‍ NO പറയാന്‍ പറ്റിയില്ല. അതൊരു ന്യായമായിട്ട് കണക്കാക്കാന്‍ പോലും പറ്റില്ല എന്നറിയാം, പക്ഷെ അതാണ് വാസ്തവം. ഇതൊരു ചെറിയ കാര്യമാണ് എന്ന് കരുതിയിട്ടുമില്ല. മലയാള സിനിമ എത്ര റേസിസ്‌റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട അവസരങ്ങളെ സിസ്റ്റമിക്ക് ആയി ഇല്ലാതാക്കുന്നതിന്റെയും ഭാഗമാണ് ഇത്തരം ഫോട്ടോഷൂട്ടുകള്‍ എന്നും മനസിലാക്കുന്നു.

അംബേദ്കറൈറ്റ് രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിമര്‍ശനവും ഞാന്‍ അംഗീകരിക്കുന്നു എന്നും, ഇനി ഒരിക്കലും ഇങ്ങനെ ഒരു പിഴവും അറിഞ്ഞു കൊണ്ടെന്റെ ഭാഗത്ത് നിന്നുണ്ടാവില്ല എന്നും ഉറപ്പ് തരുന്നു. ഒരുപാട് പേരെ ഇത് വേദനിപ്പിച്ചിട്ടുണ്ടാവും എന്നും അറിയാം.

ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇനിമുതല്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുമെന്ന് ഉറപ്പു തരുന്നു. ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇനി ഒരു തരത്തിലും പ്രചരിപ്പിക്കില്ലെന്നും, പോസ്റ്റ് ചെയ്യില്ലെന്നും ഫോട്ടോഗ്രാഫറെ അറിയിച്ചിട്ടുണ്ട്.

https://www.facebook.com/anarkali.marikar/posts/3020215684763792

https://www.facebook.com/AjuVargheseOfficial/posts/3154399691314412