വിവാദങ്ങൾക്കിടെ 'അമ്മ' തെരഞ്ഞെടുപ്പ് ഇന്ന്, താരസംഘടനയെ ആര് നയിക്കും? ഫല പ്രഖ്യാപനം വൈകിട്ട്

അമ്മ സംഘടനയുടെ പുതിയ നേതൃനിരയെ കണ്ടെത്താനുളള ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് കൊച്ചിയിൽ നടക്കും. രാവിലെ 10 മണി മുതൽ ഒരു മണി വരെ ലുലു മാരിയറ്റ് ഹോട്ടലിലാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ ഫല പ്രഖ്യാപനവും നടക്കും. ജനറൽ ബോഡിയിലെ 507 അംഗങ്ങൾക്കാണ് വോട്ട് ചെയ്യാനുള്ള യോഗ്യത. ഇതിൽ 233 പേർ വനിതകളാണ്. സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ദേവനും ശ്വേത മേനോനും തമ്മിലാണ് മത്സരം. ജനറൽ സെക്രട്ടറി സ്ഥലത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവരും മത്സരിക്കുന്നു. നേരത്തെ ജോ. സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു.

രണ്ട് വൈസ് പ്രസിഡന്റുമാരുടെ സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരാണ് മത്സരരം​ഗത്തുളളത്. ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനും മത്സരിക്കുന്നു. കൈലാഷ്, സിജോയ് വർ​ഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴാറ്റൂർ, വിനുമോഹൻ, നന്ദു പൊതുവാൾ, ജോയ് മാത്യൂ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിത സംവരണത്തിലേക്ക് നീനാ കുറുപ്പ്, സജിതാ ബേട്ടി, സരയൂ മോഹൻ, ആശാ നായർ, അഞ്ജലി നായർ എന്നിവരും മത്സരിക്കുന്നു.

Read more

ഏറെ വിവാദമായ തെരഞ്ഞെടുപ്പിൽ യുവ താരങ്ങൾ ഉൾപ്പെടെ ആരെല്ലാം വോട്ടെടുപ്പിന് എത്തുമെന്നതിലാണ് ആകാംക്ഷ. അതേസമയം മമ്മൂട്ടി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്നാണ് വിവരം.