'ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്'; 'ഗോള്‍ഡ്' റിലീസ് തിയതി പ്രഖ്യാപിച്ച് അപേക്ഷയുമായി ലിസ്റ്റിന്‍

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബര്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രസകരമായ കുറിപ്പോടെയാണ് റിലീസ് തിയതി ലിസ്റ്റിന്‍ അറിയിച്ചിരിക്കുന്നത്.

”സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്… ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്.. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തിയതി ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തുന്നു… ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ…. റിലീസ് തിയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്” എന്നാണ് ലിസ്റ്റിന്റെ കുറിപ്പ്.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഓണത്തിന് ചിത്രം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. 2015ല്‍ എത്തിയ ‘പ്രേമം’ സിനിമ കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് പുതിയൊരു ചിത്രവുമായി അല്‍ഫോണ്‍സ് എത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്‌സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.