'രണ്ട് ചാണകപീസ് തരട്ടെ'; അഹാനയ്‌ക്കെതിരെ അധിക്ഷേപ കമന്റ്, മറുപടിയുമായി താരം

സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്ന കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി അഹാന കൃഷ്ണ. കമന്റ് ചെയ്ത ആളുടെ പേര് സഹിതം വെളിപ്പെടുത്തിയായിരുന്നു നടിയുടെ പ്രതികരണം. ”രണ്ട് ചാണകപീസ് തരട്ടെ” എന്നാണ് ലാല്‍ നച്ചു എന്ന അക്കൗണ്ടില്‍ നിന്നും കമന്റ് എത്തിയത്.

ശ്രദ്ധിക്കപ്പെടാനായി ഇത്തരം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യുകയാണ് പതിവെങ്കിലും നിങ്ങളെ പോലെയൊരാളെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളുവെന്നും അഹാന പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കമന്റും അതിന് താന്‍ നല്‍കിയ മറുപടിയും അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്.

”സാധാരണയായി നിങ്ങളെ പോലുള്ളവരെ ഞാന്‍ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തയ്ക്ക് വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മനുഷ്യരായാല്‍ അല്‍പ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടെങ്കിലും ആത്മാര്‍ഥമായ സ്‌നേഹം ഉറപ്പായും വേണം.”

”ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അര്‍ഥശൂന്യമായ ഡയലോഗുകള്‍ പൊതുമധ്യത്തില്‍ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക” എന്നാണ് അഹാന മറുപടിയായി കുറിച്ചിരിക്കുന്നത്.

അഹാനയ്ക്ക് പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ മറുപടി പോരെന്നും ഇതുപോലുള്ള ആളുകള്‍ക്കെതിരെ സൈബര്‍ പൊലീസില്‍ പരാതിപ്പെടണമെന്നും ഇവര്‍ പറയുന്നുണ്ട്. അതേസമയം, ‘അടി’, ‘നാന്‍സി റാണി’ എന്നീ സിനിമകളാണ് അഹാനയുടെതായി റിലീസിന് ഒരുങ്ങുന്നത്.