മണവാട്ടിയായി മിയ, തകര്‍പ്പന്‍ ഡാന്‍സുമായി ലാല്‍; 'അല്‍ മല്ലു'വിലെ കളര്‍ഫുള്‍ ഗാനം

നമിത പ്രമോദ്, മിയ ജോര്‍ജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന “അല്‍ മല്ലു”വിലെ ആദ്യ ഗാനം പുറത്ത്. “ഏദന്‍ തോട്ടത്തിന്‍ ഉടയോനെ” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കി ജാസി ഗിഫ്റ്റ്, അഖില ആനന്ദ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുബായ്, അബുദാബി തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച സിനിമ പ്രവാസികളെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു പോകുന്നത്. ലാല്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ധിക്ക്, മിഥുന്‍ രമേശ്, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ സിനിമയില്‍ വേഷമിടുന്നുണ്ട്.

മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിവേക് മേനോന്‍ ആണ്. ജനുവരി 10ന് ചിത്രം റിലീസിനെത്തും.