'അഖണ്ഡ'യായി വീണ്ടും ബാലയ്യ, രണ്ടാം ഭാഗം വരുന്നു

 

തെലുങ്ക് ബോക്‌സോഫീസില്‍ വലിയ തരംഗം സൃഷ്ടിച്ച ചിത്രം ‘അഖണ്ഡയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2023ല്‍ ചിത്രം ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ കഥ അന്തിമ രൂപത്തില്‍ എത്തിയിട്ടില്ല. പല തരത്തിലുള്ള ആശയങ്ങള്‍ ആലോചിക്കുന്നുണ്ട് എന്നും ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോയപതി ശ്രീനു തന്നെയായിരിക്കും അഖണ്ഡ രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ബാലകൃഷ്ണയും ശ്രീനുവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും അഖണ്ഡ രണ്ടാം ഭാഗം. നേരത്തെ സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് ഒരുക്കിയത്.

 

ഡിസംബര്‍ 2ന് തിയേറ്ററുകളിലെത്തിയ അഖണ്ഡ ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധനേടിയിരുന്നു. നന്ദമൂരി ബാലകൃഷ്ണ ബാലയ്യയുടെ കരിയര്‍ ബെസ്റ്റ് ചിത്രം എന്നാണ് ഈ ചിത്രത്തെ ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. ഒരു ബാലയ്യ ചിത്രം ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് ആദ്യമായാണ്.

എന്നാല്‍ 50 ദിവസം കൊണ്ട് 200 കോടിക്കു മേല്‍ നേട്ടവും ചിത്രം ഉണ്ടാക്കിയെടുത്തിരുന്നു. അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദര്‍, മുരളീ കൃഷ്ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ ചിത്രത്തില്‍ എത്തുന്നത്. പ്രഗ്യ ജയ്‌സ്വാള്‍ നായികയായ ചിത്രത്തില്‍ ജഗപതി ബാബു, ശ്രീകാന്ത്, നിതിന്‍ മെഹ്ത, പൂര്‍ണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.