പ്രവാസികള്‍ 'വില്ലന്‍മാരായ' കൊറോണാ കാലം; 'അകലം' ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലെ സാമൂഹിക ദുരിതങ്ങള്‍ പ്രമേയമാകുന്ന “അകലം” എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കോവിഡ് കാലത്ത് പ്രവാസികള്‍ വില്ലനായി മാറിയ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ചിത്രമാവുകയാണ് ഈ ചിത്രം. സംവിധായകനും നടനുമായ എം.എ നിഷാദ് കേന്ദ്ര കഥാപാത്രമായ ഷോര്‍ട്ട് ഫിലിം എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്‍. അരുണ്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

വിദേശത്തു നിന്നും എത്തിയവര്‍ ക്വാറന്റൈനില്‍ കഴിയാത്തതിനാല്‍ രോഗ വ്യാപനം നടന്നതോടെ പ്രവാസികള്‍ വില്ലന്‍മാരായി ചിത്രീകരിക്കപ്പെട്ട ആശയമാണ് ഈ ഷോര്‍ട്ട് ഫിലിമിലൂടെ പറയുന്നത്. സോഹന്‍ സീനു ലാല്‍, ചലച്ചിത്ര താരം സരയൂ മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സംവിധായകനും പ്രൊഫ. പാര്‍വതി ചന്ദ്രനും ചേര്‍ന്നാണ് ഷോര്‍ട്ട്ഫിലിമിന് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥ, സംഭാഷണം എന്നിവയും സംവിധായകന്‍ അരുണ്‍ തന്നെയാണ് ഒരുക്കിയത്. വിനു പട്ടാട്ട് ക്യാമറയും അഖില്‍ എ. ആര്‍ എഡിറ്റിംഗും മിനീഷ് തമ്പാന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.