ലോകസുന്ദരി എന്ന ഇമേജിന് പുറത്തുള്ള 'ഐശ്വര്യ'; അഴക് മാത്രമേയുള്ളുവെന്ന് വിമര്‍ശിച്ചവരോട് താരം ചെയ്തത്...

49-കാരിയായ ഐശ്വര്യ റായ്‌യെ തന്റെ ബ്രഹ്‌മാണ്ഡ സിനിമയില്‍ ഏറ്റവും പ്രധാന്യമുള്ള കഥാപാത്രമായി മണിരത്‌നം കാസ്റ്റ് ചെയ്യാനുള്ള കാരണം എന്തായിരിക്കും? ഇന്ത്യന്‍ സിനിമയ്ക്ക് അന്നുമിന്നും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് മാജിക് കാണിക്കാന്‍ കെല്‍പ്പുള്ള ഒരൊറ്റ ലോകസുന്ദരിയേ ഉള്ളൂ എന്നതു കൊണ്ടാണ്. എന്നാല്‍ സൗന്ദര്യം കൊണ്ടു മാത്രമല്ല, അതുല്യമായ വ്യക്തിത്വം കൊണ്ടുകൂടിയാണ് ഐശ്വര്യ ആരാധകരുടെ മനസില്‍ ഇടം നേടിയത്. 1994 ല്‍ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ ശ്രദ്ധ നേടുന്നത്.

1997ല്‍ മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക ആയാണ് ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. കല്‍പന, പുഷ്പവല്ലി എന്നിങ്ങനെ ഇരട്ട കഥാപാത്രങ്ങളായി എത്തി ഐശ്വര്യ ശ്രദ്ധ നേടി. മോഹന്‍ലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ല്‍ ഐശ്വര്യയെ കണ്ടത്. 1998ല്‍ പുറത്തിറങ്ങിയ ‘ജീന്‍സ്’ എന്ന സിനിമയാണ് ഐശ്വര്യയെ ശ്രദ്ധേമാക്കിയ മറ്റൊരു ചിത്രം. എന്നാല്‍ ‘ഓര്‍ പ്യാര്‍ ഹോ ഗെയാ’ എന്ന താരത്തിന്റെ ആദ്യ ബോളിവുഡ് സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

Aishwarya Rai completes 25 years in films as her debut film Iruvar turns 25  | www.lokmattimes.com

പിന്നീട് സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹം ദില്‍ ദേ ചുകേ സനം’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘ദേവദാസ്’ ആണ് ആഗോള തലത്തില്‍ താരത്തെ ശ്രദ്ധേയയാക്കുന്നത്. അഴക് മാത്രമേയുള്ളൂ, അഭിനയമികവില്ലെന്ന് ആദ്യ കാലത്ത് വിമര്‍ശിച്ചവര്‍ക്ക് തന്റെ സിനിമകളിലൂടെ തന്നെ ഐശ്വര്യ മറുപടി കൊടുത്തിരുന്നു. ബോളിവുഡില്‍ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴില്‍ 2010 ല്‍ പുറത്തിറങ്ങിയ ‘രാവണ’നും ‘യന്തിര’നും ഐശ്വര്യയുടെ സൂപ്പര്‍ ഹിറ്റുകളാണ്.

‘ബ്രൈഡ് ആന്‍ പ്രിജുഡിസ്’, ‘മിസ്ട്രസ് ഓഫ് സ്‌പൈസസ്’, ‘ലാസ്റ്റ് ലിജിയന്‍ എന്നിങ്ങനെ ഹോളിവുഡ് സിനിമകള്‍ ചെയ്‌തെങ്കിലും ഇവ കാര്യമായി ശ്രദ്ധ നേടിയില്ല. ഒരു സാധാരണ ബംഗാളി സ്ത്രീയെ അസാധാരണയായ ഒരു സ്ത്രീയാക്കി മാറ്റാനുള്ള ആഷിന്റെ കഴിവ് കാണണമെങ്കില്‍ ഋതുപര്‍ണഘോഷിന്റെ റെയിന്‍കോട്ട് കാണണം. വിധവയായി എത്തിയ ഐശ്വര്യയുടെ ചോഖര്‍ ബാലി എന്ന ബംഗാളി പടവും ഹിറ്റ് ആയിരുന്നു. ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി.

Read more

2007ല്‍ നടന്‍ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തില്‍ നിന്നും തല്‍ക്കാലികമായി വിട്ടു നിന്ന ഐശ്വര്യ, മകള്‍ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും അഭിനയത്തില്‍ സജീവമായത്. കരിയറും കുടുംബവും പാരന്റിംഗുമെല്ലാം ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്ന ഐശ്വര്യ ഏറെ പേര്‍ക്ക് മാതൃകയായ വ്യക്തിത്വമാണ്. ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, എല്ലാവരുടെയും പ്രിയ നായിക, സൂപ്പര്‍ മോഡല്‍, മൂന്നു പതിറ്റാണ്ടോളമായി ലോകസുന്ദരി എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയെല്ലാം മനസില്‍ ആദ്യം തെളിയുന്നത് ഐശ്വര്യാ റായ്‌യുടെ മുഖം തന്നെയാണ്. തന്റെ ഇമേജിനെ അതിന്റെ എല്ലാ പ്രൗഢിയോടെയും ഗ്രേസോടെയും കൊണ്ടു നടക്കുന്ന ഐശ്വര്യ റായ്ക്ക് ജന്മദിനാശംസകള്‍.