തിളക്കം മങ്ങി നില്‍ക്കുന്ന ചിരഞ്ജീവിക്ക് മറികടക്കാനാകുമോ ബാലകൃഷ്ണയുടെ റെക്കോഡ്?

തന്റെ പ്രിയപ്പെട്ട ബ്രാന്‍ഡ് എംഎച്ച് ബ്രാണ്ടി ആണെന്ന് തുറന്നു പറഞ്ഞ സെലിബ്രിറ്റി, പൊതു വേദികളില്‍ സിഗരറ്റ് വലിച്ചും, ആരാധകരോടും ജനങ്ങളോടും പലപ്പോഴും കോപം പ്രകടിപ്പിച്ചും, കത്തി പടങ്ങളുടെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്ത താരമാണ് ബാലകൃഷ്ണ…. തെലുങ്കര്‍ക്ക് ബാലയ്യ ആണെങ്കില്‍ മലയാളികള്‍ക്ക് ട്രോളയ്യ ആണ്. മലമുകളില്‍ നിന്ന് താഴേക്ക് വീഴുന്നതും, മുയല്‍കുഞ്ഞിനെ രക്ഷിക്കുന്നതും, ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനെ വിരല്‍ചൂണ്ടി റിവേഴ്‌സ് എടുപ്പിക്കുന്നതും അല്ലു അര്‍ജുനെ വെല്ലുന്ന നൃത്തരംഗങ്ങള്‍ അവതരിപ്പിച്ചും ശ്രദ്ധ നേടിയിരുന്നു ഒരിക്കല്‍ ഈ താരം.

നന്ദമൂരി ബാലകൃഷ്ണ ഇന്ന് ട്രോള്‍ പീസ് ആണെങ്കിലും ഒരുകാലത്ത് ചിരഞ്ജീവിക്ക് പോലും തൊടാനാകാത്ത ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ താരത്തിന്റെ പേരിലാണ് ഉണ്ടായിരുന്നത്. പോരാത്തതിന് ചരിത്ര/പുരാണ സിനിമകളിലെ മിക്ക സംവിധായകരുടെയും ചോയിസ് ബാലയ്യ ആയിരുന്നു. പ്രകടനത്തിന്റെ കാര്യത്തില്‍ ഇന്ന് ബാലകൃഷ്ണ പുറകോട്ട് ആണെങ്കില്‍ അതിലും ഏറെ ദൂരം പിന്നിലാണ് ചിരഞ്ജീവി. ട്രോളുകളും വിമര്‍ശനങ്ങളും വരുമ്പോഴും 2021ല്‍ എത്തിയ അഖണ്ഡ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ബാലകൃഷ്ണ ഡബിള്‍ റോളിലെത്തിയ ചിത്രത്തില്‍ താരത്തിന്റെ അഖണ്ഡ എന്ന അഘോരി സന്യാസി കഥാപാത്രം ഏറെ ഹിറ്റ് ആയി.

തെലുങ്കരുടെ താരദൈവവും മുഖ്യമന്ത്രിയും ആയിരുന്ന എന്‍.ടി.രാമറാവുവിന്റെ ഇളയ മകനാണ് ബാലകൃഷ്ണ. പിതാവിന്റെ ഫാന്‍ ബേസ് മകനും ലഭിച്ചതിനാല്‍ തുടക്കം മുതല്‍ തന്നെ ബാലകൃഷ്ണയുടെ ചിത്രങ്ങള്‍ വിജയിപ്പിക്കുന്നതില്‍ ആരാധകര്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഒപ്പം തന്നെ ആന്ധ്രയിലെ ജാതി സമവാക്യങ്ങളും ബാലയ്യക്ക് അനുകൂല ഘടകമായിരുന്നു. അതേ സമയം മറുവശത്ത് അത്രയധികം ബന്ധു ബലത്തിന്റെയൊന്നും പിന്തുണയില്ലാതെ തന്നെ ചെറിയ വേഷങ്ങളിലൂടെ വില്ലനായും സഹനായകനായും ഒടുവില്‍ നായകനായും ചിരഞ്ജീവി പടിപടിയായി ഉയര്‍ന്ന് വരുന്നുണ്ടായിരുന്നു. തെലുങ്ക് സിനിമയില്‍ തലമുറ മാറ്റത്തിന്റെ സമയമായിരുന്നു 80-കളുടെ മധ്യ കാലം. 80 -കളുടെ അവസാനത്തോടെ അത് പൂര്‍ണ്ണമായി.

എ.എന്‍.ആര്‍, സൂപ്പര്‍ സ്റ്റാര്‍ കൃഷ്ണ, ശോഭന്‍ ബാബു, കൃഷ്ണം രാജു എന്നിവരില്‍ നിന്നും ചിരഞ്ജീവി-ബാലകൃഷ്ണ എന്നിവരിലേക്ക് തെലുങ്ക് സിനിമാ ലോകം എത്തി. 80കളുടെ മധ്യത്തില്‍ ആരംഭിച്ച ചിരഞ്ജീവി – ബാലകൃഷ്ണ മത്സരം വ്യാവസായികമായി തെലുങ്ക് സിനിമയെ അതിന്റെ ഉന്നതിയില്‍ എത്തിച്ചു. വാങ്ങുന്ന പ്രതിഫലത്തിന്റെ കാര്യത്തിലായാലും സിനിമയുടെ ബജറ്റിന്റെ കാര്യത്തിലായാലും ഇരു ഭാഗത്ത് നിന്നും കടുത്ത മത്സരമാണ് അരങ്ങേറിയത്. ഒപ്പത്തിനൊപ്പം മത്സരിച്ചു നീങ്ങിയ ബാലയ്യയെ 90 – കളുടെ തുടക്കത്തിലെ 3 ഇന്‍ഡസ്ട്രി ഹിറ്റുകള്‍ സൃഷ്ടിച്ച് കൊണ്ട് ചിരഞ്ജീവി മറികടന്നു. 1999ല്‍ ആണ് ബാലകൃഷ്ണയുടെ സമരസിംഹ റെഡ്ഡി എന്ന ചിത്രം റിലീസാകുന്നത്.

Veera Simha Reddy is the title of Nandamuri Balakrishna's next- Cinema express

തെലുങ്ക് സിനിമാ ചരിത്രത്തിലെ അത് വരെയുള്ള മുഴുവന്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മുഴുവനും തിരുത്തിക്കുറിച്ച വിജയമാണ് സിനിമ നേടിയത്. എന്നാല്‍ ശ്രീരാമരാജ്യം എന്ന ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും വന്‍ വിജയമായില്ല.  ബോയപട്ടി ശ്രീനു – ബാലകൃഷ്ണ കൂട്ടുകെട്ടിലെ ഹാട്രിക് ഹിറ്റായ അഖണ്ഡയാണ് ബാലയ്യയുടെ ലേറ്റസ്റ്റ് ഹിറ്റ്. ബ്ലോക്ക് ബസ്റ്റര്‍ വിജയം നേടിയ ഈ ചിത്രം, 100 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന ആദ്യ ബാലകൃഷ്ണ ചിത്രമാണ്. ഒരു പക്ഷെ ഏറ്റവും അധികം മലയാളികള്‍ കണ്ട ബാലകൃഷ്ണ ചിത്രം അഖണ്ഡയാണ്.

ട്രോളുകളിലൂടെ ലഭിച്ച റീച്ചും അല്ലു അര്‍ജുന്‍ ചിത്രങ്ങളും ബാഹുബലി സീരീസ് നല്‍കിയ തെലുങ്ക് ചിത്രങ്ങളുടെ സ്വീകാര്യതയുമാകാം അഖണ്ഡയുടെ പ്രേക്ഷക പ്രീതിക്ക് പിന്നില്‍. തന്റെ സമകാലികരായ വെങ്കിടേഷും നാഗാര്‍ജ്ജുനയും മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളിലേക്ക് ചുവട് മാറ്റിയപ്പോഴും തുടര്‍ വിജയങ്ങള്‍ കിട്ടാതെ ചിരഞ്ജീവി തിളക്കം മങ്ങി നില്‍ക്കുമ്പോഴും ബാലയ്യയുടെ ബോക്‌സ് ഓഫീസ് പൊട്ടന്‍ഷ്യലിന് കാര്യമായ ഇളക്കം തട്ടിയിട്ടില്ല. പഴയ ചിരു പുറകോട്ട് പോകുമ്പോള്‍ …കുറ്റം പറഞ്ഞവരെ കൊണ്ടു തന്നെ കയ്യടിപ്പിച്ചു ബാലയ്യ മുന്നോട്ടും പോകുന്നു….ഇത് ബാലയ്യയുടെ കാലം…