ആദ്യം വരന്റെ മുഖം വ്യക്തമാക്കാതെ കാര്‍ത്തിക, വിവാഹനിശ്ചയം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ആളെ പരിചയപ്പെടുത്തി താരം; വൈറല്‍

കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു തന്റെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നടി കാര്‍ത്തിക നായര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. എന്നാല്‍ തന്റെ വരന്റെ ചിത്രമോ പേരോ ഒന്നും കാര്‍ത്തിക പുറത്തുവിട്ടിരുന്നില്ല. വിരലില്‍ മോതിരം അണിഞ്ഞ ചിത്രം മാത്രമായിരുന്നു കാര്‍ത്തിക പങ്കുവച്ചത്.

പഴയകാല നടി രാധയുടെ മകളാണ് കാര്‍ത്തിക. വരന്റെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങളായിരുന്നു രാധയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇപ്പോഴിതാ വരനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് കാര്‍ത്തിക. വരന്റെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്ത് പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

”നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു… നീയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു” എന്ന ക്യാപ്ഷ്യനോടെയാണ് ഭാവി വരന്റെ മുഖം കാണുന്ന ചിത്രങ്ങള്‍ നടി പങ്കിട്ടത്. രോഹിത് മേനോന്‍ എന്നാണ് കാര്‍ത്തികയുടെ വരന്റെ പേര്.

നിരവധി പേരാണ് കാര്‍ത്തികയ്ക്കും വരനും ആശംസകള്‍ നേര്‍ന്ന് എത്തിയത്. നടന്‍ ജീവയ്‌ക്കൊപ്പം എത്തിയ ‘കോ’ എന്ന ചിത്രമാണ് കാര്‍ത്തികയ്ക്ക് ശ്രദ്ധ നേടിക്കൊടുത്തത്. മലയാളത്തില്‍ മകരമഞ്ഞ് എന്ന സിനിമയിലാണ് താരം ആദ്യം അഭിനയിച്ചത്. ‘പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ’ എന്ന തമിഴ് സിനിമയിലാണ് കാര്‍ത്തിക ഒടുവില്‍ അഭിനയിച്ചത്.