ആര്‍ജിവിയുടെ കേക്ക് മുറിക്കല്‍ കണ്ട് അമ്പരന്ന് നായിക; സെറ്റില്‍ മലയാളി നടിയുടെ പിറന്നാള്‍ ആഘോഷം, വീഡിയോ

സെറ്റില്‍ മലയാളി താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. നടി മാനസയുടെ പിറന്നാള്‍ ആണ് ‘വ്യൂഹം’ സിനിമയുടെ സെറ്റില്‍ വച്ച് ആഘോഷമാക്കി മാറ്റിയത്. ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.

കേക്ക് മുറിക്കുന്നതിനിടെ മാനസയുടെ കയ്യില്‍ നിന്നും കത്തി വാങ്ങി പെട്ടെന്ന് കേക്ക് കുത്തിക്കുത്തി മുറിക്കുന്ന ആര്‍ജിവിയെയും വീഡിയോയില്‍ കാണാം. പെട്ടെന്നുള്ള ഞെട്ടലില്‍ അമ്പരപ്പ് മാറാതെയാണ് മാനസ പിന്നീട് കേക്ക് മുറിക്കല്‍ തുടര്‍ന്നത്. ചിത്രത്തിലെ നായകന്‍ അജ്മല്‍ അമീറും വീഡിയോയില്‍ ഉണ്ട്.

അടുത്തിടെ മലയാളി മോഡലായ കോട്ടയം സ്വദേശി ശ്രീലക്ഷ്മി സതീഷിന്റെ വീഡിയോ പങ്കുവച്ച് ആര്‍ജിവി എക്‌സില്‍ എത്തിയിരുന്നു. പുതിയ ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നു ചോദിച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അതേസമയം, തെലുങ്ക് ചിത്രമായ വ്യൂഹം വൈഎസ്ആര്‍ രാഷ്ട്രീയം മറ്റൊരു വീക്ഷണകോണില്‍ നിന്നും അവതരിപ്പിക്കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ ടീസര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ചില രാഷ്ട്രീയ വിമര്‍ശനങ്ങള്‍ കൂടി അടങ്ങിയ ചിത്രമാകും വ്യൂഹം എന്നാണ് സൂചന.

വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പത്‌നി വൈ.എസ് ഭാരതിയുടെ വേഷമാണ് ‘വ്യൂഹം’ സിനിമയില്‍ മാനസ രാധാകൃഷ്ണന്‍ അവതരിപ്പിക്കുന്നത്. ജഗന്‍ മോഹനായാണ് അജ്മല്‍ വേഷമിടുന്നത്. സിനിമ രണ്ട് ഭാഗങ്ങളിലായാണ് റിലീസ് ചെയ്യുന്നത്.

‘കണ്ണുനീരിലും മധുരം’ എന്ന ചിത്രത്തിലൂടെ 2008ല്‍ ബാലതാരമായാണ് മാനസ രാധാകൃഷ്ണന്‍ സിനിമയില്‍ എത്തിയത്. മൂന്നു സിനിമകളില്‍ ബാലതാരമായി. സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ ചിത്രത്തില്‍ ആശ ശരത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് മാനസ രാധാകൃഷ്ണനാണ്.