'പണി' തുടങ്ങി ജോജു ജോർജ്; മലയാള സിനിമയിൽ പുതിയൊരു സംവിധായകൻ കൂടി

മലയാള സിനിമയിൽ ജൂനിയർ അർട്ടിസ്റ്റായി കരിയർ തുടങ്ങി പിന്നീട് നിരവധി ചെറിയ വേഷങ്ങളിലൂടെ സിനിമയുടെ ഭാഗമാവുകയും ശേഷം നായകനായി തന്റെ കഴിവ് മലയാള സിനിമയിൽ തെളിയിക്കുകയും ചെയ്ത താരമാണ് ജോജു ജോർജ്. പിന്നീട് നിർമ്മാതാവായും ജോജു മികച്ച സിനിമകളുടെ ഭാഗമായി മാറി.

ഇപ്പോഴിതാ മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. ‘പണി’ എന്നാണ് സിനിമയ്ക്ക് കൊടുത്തിരിക്കുന്ന പേര്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞദിവസം തൃശൂരിൽ ആരംഭിച്ചിരുന്നു. ജോജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും പ്രധാനവേഷം അഭിനയിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

സംവിധായകനും പ്രശസ്ത ക്യാമറമാനുമായ വേണുവാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്. എം റിയാസ് ആദവും സിജോ വടക്കനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ് നിർമ്മാണ പങ്കാളികൂടിയാണ്.

തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ‘പണി’യുടെ ഇതിവൃത്തം. ബിഗ്ബോസ് താരങ്ങളായ സാഗർ സൂര്യയും ജുനൈസ് വി പിയും ചിത്രത്തിലുണ്ടെന്നാണ് സൂചനകൾ. എ. കെ സാജൻ സംവിധാനം ചെയ്ത ‘പുലിമട’യാണ് ജോജുവിന്റെ പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം. കൂടാതെ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ‘ആന്റണി’യുടെ ഷൂട്ടിംഗും പുരോഗമിക്കുന്നുണ്ട്.