പുരസ്‌കാരപ്രൗഢിയിലും ഇന്ദ്രന്‍സ് സിമ്പിളാണ്; വിമാനത്താവളത്തില്‍ ആവേശ്വോജ്ജ്വല സ്വീകരണം

മലയാള സിനിമയെ ലോക സിനിമയുടെ താളുകളില്‍ വീണ്ടും വരച്ചിട്ട ഡോ. ബിജുവും ഇന്ദ്രന്‍സിനും മലയാളക്കരയുടെ ആവേശ്വോജ്ജ്വല സ്വീകരണം. ഇരുവരെയും തിരുവന്തപുരം വിമാനത്താവളത്തില്‍ പൂച്ചെണ്ട് നല്‍കിയും പൊന്നാട അണിയിച്ചും സിനിമാ പ്രവര്‍ത്തകര്‍ വരവേറ്റു. ബിജു സംവിധാനം ചെയ്ത വെയില്‍മരങ്ങളാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

സംസ്ഥാന അവാര്‍ഡിന് പിന്നാലെയെത്തിയ രാജ്യാന്തര അംഗീകാരം ഇരട്ടിമധുരം നല്‍കുന്നതാണെന്നാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. സിനിമയ്ക്ക് പിന്നില്‍ ഒരുപാട് പേരുടെ നീണ്ട നാളത്തെ പ്രയത്‌നമുണ്ട്. അതുകൊണ്ടു തന്നെ പുരസ്‌കാരം സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്നും ചിത്രം ഉടന്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കിലും ഭാവിയില്‍ അതുണ്ടാകുമെന്നും ബിജു പറഞ്ഞു.

ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് വെയില്‍മരങ്ങള്‍. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായ സിനിമ പറയുന്നത്. ഹിമാചല്‍പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങളിലായി വിവിധ കാലാവസ്ഥകളില്‍ ഒന്നര വര്‍ഷം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇന്ദ്രന്‍സ്, സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.