ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്രനിഷേധം; വൈറസിനെ വിമര്‍ശിച്ച് ഹരീഷ് പേരടി

നിപ കാലത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ആഷിക് അബു ചിത്രം “വൈറസ്” തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ എല്ലാ താരങ്ങളും അവരുടെ വേഷങ്ങള്‍ മികവുറ്റതാക്കിയെന്നും ചെറിയ വേഷത്തില്‍ എത്തിയവര്‍ പോലും വിസ്മയിപ്പിച്ചു എന്നുമാണ് പ്രേക്ഷക പ്രതികരണം. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്രനിഷേധമാണെന്നാണ് ഹരീഷ് പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടിയുടെ വിമര്‍ശനം.

“ഏല്ലാ കഥാപാത്രങ്ങളും ഒര്‍ജിനലായിട്ടും ശരിക്കും ഒര്‍ജിനലായ ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ല. ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നീപ്പയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്. വരുംതലമുറയോട് ചെയ്യുന്ന അനീതിയാണ്. പ്രത്യേകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നില്‍ക്കുന്നതുകൊണ്ടും, ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപ കാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ലാ. മഹാരാജാസിലെ SFI ക്കാരനായ നിങ്ങള്‍ക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുക.” ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹമാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ തുടങ്ങി വന്‍താരനിരയാണ് വൈറസില്‍ അണിനിരന്നത്. മുഹ്‌സിന്‍ പെരാരി, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

.