നാട്ടുകാർ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്; കനത്ത മഴയിൽ നടൻ ബിജു പപ്പന്റെ വീട്ടിൽ വെള്ളം കയറി

രണ്ടുദിവസമായി തുടരുന്ന മഴയിൽ നടൻ ബിജു പപ്പന്റെ തിരുവനന്തപുരത്തെ വീട്ടിൽ വെള്ളം കയറി. രാത്രി ഒരുമണിയോടെയാണ് വീട്ടിൽ വെള്ളം കയറിയതെന്നും നാട്ടുകാർ വിളിച്ചപ്പോഴാണ് താൻ അറിഞ്ഞതെന്നും ബിജു പപ്പൻ പറഞ്ഞു.

“അകത്ത് മൊത്തം വെള്ളമാണ്. നാട്ടുകാർ വന്ന് വിളിച്ചപ്പോഴാണ് അറിയുന്നത്. അതുകൊണ്ട് കുറച്ച് സാധാനങ്ങളൊക്കെ എടുത്ത് മാറ്റിവെക്കാന് കഴിഞ്ഞു. നമ്മുക്ക് മാത്രമല്ല ഈ പ്രദേശത്തെ ഒരുപാട് ആളുകൾ ഇതനുഭവിക്കുന്നുണ്ട്. കുടുംബക്കാർ മുഴുവൻ ഇവിടെ തന്നെയാണ്” മനോരമ ന്യൂസിനോട്  ബിജു പപ്പൻ പറഞ്ഞു.

ഇന്നലെ പുലർച്ചെ ഒരു മണി മുതൽ മഴ കനത്തത്തോടെയാണ് സമീപ പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയുണ്ടായത്. ഇത്തരമൊരു വെള്ളപ്പൊക്കം ഇതിന് മുൻപ് ഈ ഭാഗത്ത് ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കൂടാതെ രണ്ടുദിവസമായി തുടരുന്ന മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.