മലയാളത്തിന്റെ സീൻ മാറ്റാൻ 'റൈഫിൾ ക്ലബ്ബ്'; ആഷിക് അബു ചിത്രത്തിൽ വില്ലൻ അനുരാഗ് കശ്യപ്; കൂടെ ശ്യാം പുഷ്കരനും ദിലീഷ് പോത്തനും

അരങ്ങത്തും അണിയറയിലും വമ്പൻ താരനിരയുമായി ആഷിക് അബു ചിത്രം ‘റൈഫിൾ ക്ലബ്ബ്’ ഒരുങ്ങുന്നു. ദിലീഷ് പോത്തൻ, വാണി വിശ്വനാഥ്, അനുരാഗ് കശ്യപ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അനുരാഗ് കശ്യപിന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്ബ്.

ശ്യാം പുഷ്കരൻ-ദിലീഷ് കരുണാകരൻ, ഷറഫു- സുഹാസ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥയൊരുങ്ങുന്നത്. തങ്കം എന്ന ചിത്രത്തിന് ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് റൈഫിൾ ക്ലബ്. കൂടാതെ മായാനദിക്ക് ശേഷം ആഷിക് അബു- ശ്യാം പുഷ്കരൻ- ദിലീഷ് കരുണാകരൻ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

റെക്സ് വിജയൻ സംഗീതമൊരുക്കുന്ന ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയാണ്. ഒപിഎം സിനിമാസിന്റെയും ട്രൂ സ്റ്റോറീസിന്റെയും ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.

ആഷിക് അബു തന്നെയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത് എന്ന പ്രത്യേകതയും റൈഫിൾ ക്ലബ്ബിനുണ്ട്. ഈ വർഷം ഓണം റിലീസ് ആയാണ് ചിത്രമെത്തുന്നത്.

Read more