ഓം യു കം ടു മൈ റൂം; ഹനുമാന്‍ ടീസറിന് പിന്നാലെ ആദിപുരുഷിന് സ്വസ്ഥതയില്ല, ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

തേജ സജ്ജ കേന്ദ്ര നായകനായി എത്തുന്ന ചിത്രം ‘ഹനുമാന്റെ’ ടീസര്‍ റിലീസിന് പിന്നാലെ വീണ്ടും ട്രോളുകളില്‍ നിറയുകയാണ് ‘ആദിപുരുഷ്’. ഇരു സിനിമകളുടെയും വിഎഫ്എക്സ് ക്വാളിറ്റിയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പാന്‍ ഇന്ത്യന്‍ റിലീസിന് ഒരുങ്ങുന്ന തെലുങ്ക് ചിത്രമാണ് ഹനുമാന്‍. 50 കോടിയില്‍ താഴെ മാത്രം ബജറ്റില്‍ ഒരുങ്ങിയ ഹനുമാന്‍ 500 കോടി ബജറ്റിന്റെ ആദിപുരുഷിനേക്കാള്‍ എത്രയോ ഭേദമെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ആദിപുരുഷ് ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ ഹനുമാനെ തെറ്റായി ചിത്രീകരിച്ചുവെന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഹനുമാന്റെ സംവിധായകനായ പ്രശാന്ത് വര്‍മ്മയുടെയും ആദിപുഷ് സംവിധായകന്‍ ഓം റൗത്തിന്റെയും ട്രോളുകളും മീമുകളും സജീവമാണ്.


ഒരു മാസത്തിന് മുന്‍പാണ് ആദിപുരുഷ് ടീസര്‍ റിലീസ് ചെയ്തത്. പിന്നാലെ ഉയര്‍ന്ന ട്രോളുകളില്‍ പ്രതികരിച്ച് സംവിധായകന്‍ ഓം റൗട്ട് രംഗത്തെത്തിയിരുന്നു. ട്രോളുകളില്‍ താന്‍ നിരാശനാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ബിഗ്സ്‌ക്രീനിനായി ഒരുക്കിയതാണെന്നും മൊബൈല്‍ ഫോണിന് വേണ്ടിയല്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

സമ്പൂര്‍ണ ദൃശ്യാനുഭവം നല്‍കുന്നതിനായി സിനിമയുടെ റിലീസ് മാറ്റുകയാണെന്നും ഓം റൗത്ത് അറിയിച്ചു. ‘ആദിപുരുഷ് ഒരു സിനിമയല്ല. മറിച്ച് പ്രഭു ശ്രീരാമനോടുള്ള നമ്മുടെ ഭക്തിയും, സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള പ്രതിബദ്ധതയുമാണ്. കാഴ്ചക്കാര്‍ക്ക് ഒരു സമ്പൂര്‍ണ്ണ ദൃശ്യാനുഭവം നല്‍കുന്നതിന്, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ടീമുകള്‍ക്ക് കൂടുതല്‍ സമയം നല്‍കേണ്ടതുണ്ട്. ആദിപുരുഷ് 2023 ജൂണ്‍ 16ന് റിലീസ് ചെയ്യും. എന്നാണ് സംവിധായകന്‍ പ്രതികരിച്ചത്.