ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കം; മുഖ്യാതിഥിയായി കിച്ച സുദീപ്, പ്രദര്‍ശനത്തിന് 224 സിനിമകള്‍

അമ്പത്തൊന്നാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ തിരി തെളിച്ചു. ഹൈബ്രിഡ് രീതിയിലാണ് മേള നടക്കുന്നത്.

ചടങ്ങില്‍ കന്നഡ താരം കിച്ച സുദീപ് മുഖ്യതിഥിയായി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, നീരജ ശേഖര്‍ (അഡീഷണല്‍ സെക്രട്ടറി, കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം), അമിത് ഖരെ (കേന്ദ്ര ഉന്നത വിദ്യാഭ്യാസ, വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി), ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രശസ്ത ഇറ്റാലിയന്‍ ഛായാഗ്രാഹകന്‍ വിറ്റോറിയോ സ്റ്റൊറാറോയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. അപ്പോകാലിപ്സ് നൗ, റെഡ്സ്, ദ ലാസ്റ്റ് എംപറര്‍ എന്നീ ചിത്രങ്ങളിലൂടെ മൂന്ന് ഓസ്‌കര്‍ പുരസ്‌കാരം നേടിയ ഛായാഗ്രാഹകനാണ് വിറ്റോറിയോ സ്റ്റൊറാറോ.

മോഹന്‍ലാല്‍, അനുപം ഖേര്‍, മാധുരി ദീക്ഷിത്, വിദ്യ ബാലന്‍, അനില്‍ കപൂര്‍ തുടങ്ങിയ താരങ്ങള്‍ മേളയ്ക്ക് ആശംസകള്‍ നേര്‍ന്നു. ജനുവരി 16 മുതല്‍ 24 വരെയാണ് മേള നടക്കുന്നത്. 224 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഡാനിഷ് സംവിധായകനായ തോമസ് വിന്റര്‍ബെര്‍ഗിന്റെ അനതര്‍ റൗണ്ട് ആണ് ഉദ്ഘാടന ചിത്രം.

മലയാളത്തില്‍ നിന്ന് അഞ്ച് ഫീച്ചര്‍ സിനിമകളും ഒരു നോണ്‍ ഫീച്ചര്‍ സിനിമയും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ട്രാന്‍സ്, കെട്ട്യോളാണ് എന്റെ മാലാഖ, കപ്പേള, സെയ്ഫ്, താഹി എന്നീ ചിത്രങ്ങളാണ് ഫീച്ചര്‍ വിഭാഗത്തില്‍ ഇടം നേടിയത്. ശരണ്‍ വേണുഗോപാലിന്റെ ഒരു പാതിരാസ്വപ്നം ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇടം നേടിയ സിനിമ.

New Project (38).jpg

New Project (33).jpg