'തിരിച്ചുവരവിന് ഒരുങ്ങി ലാൽ കൃഷ്ണ വിരാടിയാർ'; ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം വരുന്നെന്ന് ഉറപ്പിച്ച് സുരേഷ് ഗോപി

ചിന്താമണി കൊലക്കേസിന് രണ്ടാം ഭാഗം ഉടനെന്ന് റിപ്പോർട്ടുകൾ. ഷാജി കൊലക്കേസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു ചിന്താമണി കൊലക്കേസ്. ചിത്രത്തിന് രണ്ടാം ഭാഗത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും അണിയറ പ്രവർത്തകർ പ്രതികരിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ അക്കാര്യം ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.

ഏറെ കാലങ്ങൾക്ക് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ പുറത്തുവന്ന പാപ്പൻ മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇതിന്റെ ഭാഗമായി ഏറ്റവും ഒടുവിൽ മാധ്യമങ്ങളെ കണ്ടപ്പോഴാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.

വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒറ്റക്കൊമ്പൻ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാൽ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ചിന്താമണി കൊലക്കേസിൽ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രമാണ് ലാൽ കൃഷ്ണ വിരാടിയാർ.

സുരേഷ് ഗോപിയുടെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കഥാപാത്രങ്ങളില്‍ ഒന്നാണ് ലാല്‍ കൃഷ്ണ വിരാടിയാര്‍. ജയരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഹൈവേ 2, മേ ഹൂം മൂസ, ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.