'ലൂസിഫറില്‍ എനിക്ക് പൂര്‍ണതൃപ്‍തി ഇല്ല, എന്നാൽ എന്‍ഗേജിംഗ് ആയ രീതിയിലാണ് ഗോഡ്‍ഫാദര്‍ ഒരുക്കിയിരിക്കുന്നത്'; ചിരഞ്ജീവി

ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ​ഗോഡ്ഫാദർ നാളെ റിലിസിനെത്താനിക്കെ ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ലൂസിഫര്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി നല്‍കിയ ചിത്രമല്ലെന്ന് ചിത്രത്തിന്റെ പ്രെമോഷൻ്‍റെ ഭാ​ഗമായി നടന്ന വാർത്ത സമ്മേളനത്തിലാണ് അദേഹം പറഞ്ഞത്.

ലൂസിഫറില്‍ തനിക്ക് പൂര്‍ണ്ണ തൃപ്തി ഉണ്ടായിരുന്നില്ല. വിരസമായ നിമിഷങ്ങളൊന്നും ഇല്ലാത്ത രീതിയില്‍ തങ്ങളതിനെ പുതുക്കിയെടുത്തിട്ടുണ്ട്. ഏറ്റവും എന്‍ഗേജിംഗ് ആയ തരത്തിലാണ് ഗോഡ്‍ഫാദര്‍ എത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഈ ചിത്രം എന്തായാലും നിങ്ങള്‍ ഏവരെയും തൃപ്തിപ്പെടുത്തുമെന്നും ചിരഞ്ജീവി പറഞ്ഞു.

മോഹന്‍രാജയാണ് ചിത്രത്തിൻ്റെ  സംവിധാനം. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ എന്ന കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്.  സല്‍മാന്‍ ഖാന്‍ ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്‍മാന്‍ തെലുങ്കില്‍ അവതരിപ്പിക്കുന്നത്.

ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് ഗോഡ്ഫാദർ. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.