പ്രതീക്ഷയോടെ '2018', ഒപ്പം വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യും; നാളെ തിയേറ്ററിലെത്തുന്ന ചിത്രങ്ങള്‍

നാളെ തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത് മൂന്ന് സിനിമകള്‍. ഇതുവരെ മലയാളത്തില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ ഭൂരിഭാഗവും പരാജയങ്ങളായിരുന്നു. ‘രോമാഞ്ചം’ മാത്രമാണ് ഈ വര്‍ഷം തിയേറ്റര്‍ വിജയം നേടിയ സിനിമ. എന്നാല്‍ ജൂഡ് ആന്തണി ചിത്രം 2018 ഗംഭീര വിജയമാകുമെന്നാണ് സിനിമാസ്വാദകര്‍ കരുതുന്നത്. 2018, അനുരാഗം, ദ കേരള സ്റ്റോറി എന്നീ മൂന്ന് സിനിമകളാണ് നാളെ തിയേറ്ററില്‍ എത്തുന്നത്.

കേരളത്തെ ഞെട്ടിച്ച മഹാപ്രളം പ്രമേയമാക്കി ജൂഡ് ആന്തണി ഒരുക്കിയ ‘2018: എവരിവണ്‍ ഈസ് എ ഹീറോ’ നാളെ തിയേറ്ററുകളിലെത്തും. ടൊവിനോ, കുഞ്ചാക്കോ ബോബന്‍, നരേന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, കലൈയരസന്‍, ലാല്‍, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, ഷെബിന്‍ ബെന്‍സണ്‍, തന്‍വി റാം, ശിവദ, ഗൗതമി നായര്‍ തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ അടക്കം 120 ഓളം അഭിനേതാക്കളാണ് ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഈയാഴ്ചത്തെ വലിയ റിലീസുകളില്‍ ഒന്നാണ് ഈ ചിത്രം.

നടി ദേവയാനി വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് ചിരിച്ചത്തുന്ന ചിത്രമാണ് ‘അനുരാഗം’. വണ്‍വേ പ്രണയിതാക്കളുടെ കഥ പറയുന്ന ചിത്രം ഷഹദ് നിലമ്പൂര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഗൗരി ജി. കിഷന്‍ ആണ് നായിക. ഗൗതം വാസുദേവ മേനോന്‍, ജോണി ആന്റണി, ഷീല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഇവരെ കൂടാതെ മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും അണിനിരക്കുന്നുണ്ട്.

വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യും നാളെ തിയേറ്ററുകളിലെത്തും. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം റിലീസിനെത്തുന്നത്. റിലീസ് തടയണമെന്ന ആവശ്യത്തില്‍ ഇതുവരെ സ്‌റ്റേ ഉണ്ടായിട്ടില്ല. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി എന്ന വ്യാജ കണക്കുകളും വിദ്വേഷ പ്രചാരണവുമാണ് സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയരാന്‍ കാരണം.