സഹോദരന് സര്‍ജറി; ദര്‍ബാര്‍ ഷൂട്ടിന്റെ തിരക്കിനിടയിലും ആശുപത്രിയിലേക്ക് പറന്നെത്തി രജനി

“ദര്‍ബാറി”ന്റെ ഷൂട്ടിനിടയില്‍ നിന്നും സര്‍ജറിക്ക് വിധേയനായ മൂത്ത സഹോദരന്‍ സത്യനാരായണ റാവുവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് രജനീകാന്ത്. മുംബൈയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നാണ് താരം ബംഗ്ലുരു എത്തിയത്. കാലിന് സര്‍ജറിക്ക് വിധേയനായ സഹോദരനോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എ. ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ദര്‍ബാറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ നയന്‍താരയാണ് നായിക. രജനീകാന്തും നയന്‍താരയും ഒരുമിച്ചു വരുന്ന നാലാം ചിത്രം കൂടിയാണ് ദര്‍ബാര്‍. “ചന്ദ്രമുഖി”, “കുശേലന്‍”, “ശിവജി” എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും “ദര്‍ബാറി”നുണ്ട്.

ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്‍ ആണ്. ശ്രീകര്‍ പ്രസാദ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം അടുത്ത പൊങ്കലിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. ചിത്രത്തിലെ രജനീകാന്തിന്റെ സ്റ്റില്ലുകള്‍ വന്‍ തരംഗമാണ് ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ചത്.