ധനുഷ്- മാരി സെൽവരാജ് കോംബോ വീണ്ടും; ഇത് പൊളിച്ചടുക്കുമെന്ന് ആരാധകർ !

വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിൽ വേരുറച്ച് പോയ ജാതിവ്യവസ്ഥയെയും ദുരഭിമാനക്കൊലയെയും ഒക്കെ മുൻനിർത്തി അടിച്ചമർത്തപ്പെട്ടവരുടെ കഥ ശക്തമായ രീതിയിൽ പറഞ്ഞ പരിയേറും പെരുമാൾ, കർണൻ എന്നീ തമിഴ് സൂപ്പർ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് മാരി സെൽവരാജ്. പരിയേറും പെരുമാൾ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത മാരി സെൽവരാജിന്റെ അടുത്ത പ്രോജക്ടില്‍ ധനുഷ് നായകനാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ പ്രമേയം എന്താണെന്നോ അഭിനേതാക്കളെയോ അണിയറപ്രവർത്തകരെയോ കുറിച്ചുള്ള വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തു വിട്ടിട്ടില്ല. സീ സ്റ്റുഡിയോസും ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. പല കാരണങ്ങൾ കൊണ്ട് തനിക്ക് വിലമതിക്കാനാകാത്ത ചിത്രം എന്നാണ് ധനുഷ് പറയുന്നത്.

കർണൻ റിലീസ് ചെയ്ത് രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് പുതിയ സിനിമയുടെ പ്രഖ്യാപനവും. ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച സിനിമയായിരുന്നു ‘കർണൻ’. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയെടുത്ത ചിത്രം പ്രമേയത്തിന്റെ കരുത്തു കൊണ്ട് സിനിമാലോകത്ത് ചർച്ചയായ ഒരു പ്രോജക്ട് ആയിരുന്നു. ഇക്കാരണങ്ങൾ കൊണ്ടുതന്നെ വീണ്ടും ഒന്നിക്കുന്ന ധനുഷ് – മാരി സെൽവരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തെയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. കര്‍ണ്ണൻ്റെ റിലീസിൻ്റെ അതേ ദിവസം തന്നെ ഇത് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ധനുഷ് സാറുമായി ഒരു തവണ കൂടി കൈകോര്‍ക്കുന്നതില്‍ സന്തോഷിക്കുന്നു എന്നും മാരി സെല്‍വരാജ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിൽ കുറിച്ചു.

തമിഴകത്തെ ജാതിരാഷ്ട്രീയത്തെ വിഷയമാക്കി 2018ൽ മാരി സെൽവരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു പരിയേറും പെരുമാൾ. കാർഷിക ഗ്രാമത്തിൽ നിന്ന് തിരുനെൽവേലി ലോ കോളജിൽ നിയമപഠനത്തിന് എത്തുന്ന താഴ്ന്ന ജാതിയിൽപ്പെട്ട പരി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് സിനിമയിലുള്ളത്. കതിർ, ആനന്ദി, യോഗി ബാബു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പാ രഞ്ജിത്ത് ആണ് ചിത്രത്തിന്റെ നിർമ്മാണം. തമിഴ് സിനിമകളിൽ ഇതുവരെയുള്ള സിനിമകളിൽ വെച്ച് വ്യത്യസ്തത പുലർത്തിയ ചിത്രത്തിന് നിരവധി അവാർഡുകൾ നേടാനായതും അന്ന് നവാഗത സംവിധായകനായ മാരി സെൽവരാജിന്റെ കഴിവിനെ ആണ് എടുത്തു കാണിക്കുന്നത്. സിനിമ ഒരു വിനോദം എന്നതിന് അപ്പുറത്തേക്ക് ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ് അദ്ദേഹത്തിന് എന്ന തോന്നലാണ് പ്രേക്ഷകർ ഈ സിനിമകൾ കാണുമ്പോൾ  തോന്നുക.

2021ൽ ധനുഷും മാരി സെൽവരാജും ഒന്നിച്ചെത്തിയ കർണ്ണനും സമൂഹത്തിലെ ഒരിക്കലും തീരാത്ത ജാതീയതയെ മുൻനിർത്തിയാണ് ഒരുങ്ങിയത്. തമിഴ്‌നാട്ടിൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ജാതീയ വേട്ടയാടൽ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം മാത്രമല്ല സിനിമാറ്റിക്ക് മികവും പെർഫോമൻസുകളും വലിയ നിരൂപകശ്രദ്ധ നേടിയിരുന്നു. ധനുഷിന്റെ അഭിനയമികവും ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. മലയാളത്തിലെ പ്രിയതാരമായ രജിഷയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. ചിത്രത്തിൽ നടി നായികയായാണ് എത്തിയത്. മലയാള താരം ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യോഗി ബാബു, നാട്ടി എന്ന നടരാജന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Read more

ആദ്യ ചിത്രമായ പരിയേറും പെരുമാളിൽ നായകനായി ഉദ്ദേശിച്ചിരുന്നത് ധനുഷിനെ ആയിരുന്നു എന്നും തന്റെ ഏത് കഥയും അഭിനയിക്കാൻ സാധിക്കുന്ന നടനാണ് ധനുഷ് എന്നും മാരി സെൽവരാജ് നേരത്തെ പറഞ്ഞിരുന്നു. തമിഴ് സിനിമ കീഴ്ജാതിക്കാരുടെ പ്രശ്‌നങ്ങളും നീതിനിഷേധവും പലപ്പോഴും വിഷയമാക്കാറുണ്ട്. അതില്‍ പലപ്പോഴും സൂപ്പര്‍ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. കർണ്ണനും പരിയേറും പെരുമാളും എങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്തിയോ അങ്ങനെ തന്നെ മാരി സെൽവരാജ് മാജിക്കിലൂടെ ഈ ചിത്രവും പിടിച്ചിരുത്തും എന്ന് നിസ്സം ശയം പറയാൻ സാധിക്കും.