'ഇനി മറ്റ് നായികമാര്‍ക്ക് ഒപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യയും വീട്ടുകാരും അവനെ വിലക്കും'; സിനിമയിലെ പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്

ബോളിവുഡ് താരം വരുണ്‍ ധവാന്റെ വിവാഹച്ചിത്രം പങ്കുവെച്ച് സിനിമാ മേഖലയിലെ പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. ഇനി മുതല്‍ മറ്റു നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ല, ഇതോടെ വരുണിന്റെ കരിയര്‍ തീര്‍ന്നു എന്നാണ് ശ്രദ്ധ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

“”മറ്റൊരു നല്ല നടന്‍ കൂടി പൊടി പിടിച്ചിരിക്കാന്‍ പോകുന്നു. ഇനി വീണ്ടും അവനെ സ്‌ക്രീനില്‍ കാണാന്‍ കഴിയില്ല എന്നതില്‍ സങ്കടമുണ്ട്. മറ്റ് നായികമാര്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ നിന്നും ഭാര്യയും അവളുടെ വീട്ടുകാരും അവനെ വിലക്കും. ഒരുപക്ഷേ അദ്ദേഹം പുരുഷ കേന്ദ്രീകൃതമായ സിനിമകള്‍ മാത്രം ചെയ്യുന്നതിലേക്ക് മാറുമോ? എന്നാല്‍ വ്യക്തിഗത ജീവിതവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകും. കഠിനമാണ്. നമ്മള്‍ അവനെ മിസ് ചെയ്യും. അഭിനന്ദനങ്ങള്‍, വരുണ്‍”” എന്നാണ് ശ്രദ്ധയുടെ പോസ്റ്റ്.

വിവാഹം കഴിയുന്നതോടെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കാനും നായകന്‍മാരുമായി അടുത്തിടപഴകാത്ത കഥാപാത്രങ്ങള്‍ മാത്രം ചെയ്യാനും നിര്‍ബന്ധിതരാകുന്ന നായികമാരെ ഊന്നിയുള്ള ശ്രദ്ധയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

വിവാഹം കഴിഞ്ഞ നായികമാര്‍ സ്ത്രീ കേന്ദ്രീകത കഥാപാത്രങ്ങളിലേക്ക് മാത്രമായി ഒതുങ്ങിപ്പോകുന്നതിനെ കുറിച്ചുമാണ് ശ്രദ്ധയുടെ വാക്കുകള്‍. ശ്രദ്ധയുടെ പോസ്റ്റ് കൈയടികള്‍ നേടുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വരുണ്‍ ധവാന്റെയും ഫാഷന്‍ ഡിസൈനറും താരത്തിന്റെ ബാല്യകാല സുഹൃത്തുമായ നടാഷ ദലാലിന്റെയും വിവാഹം.

Shraddha Srinaths Instagram story.