'സ്റ്റേജ് കിട്ടുമ്പോൾ ആളാകാൻ തോന്നും; താത്പര്യമില്ലെങ്കിൽ പരിപാടിക്ക് പോകരുത്; ആക്ഷൻ എടുക്കേണ്ടത് സിസ്റ്റമാണ്'; ധ്യാൻ ശ്രീനിവാസൻ

കഴിഞ്ഞദിവസങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു വാർത്തയായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡിലെ  നടൻ അലൻസിയറുടെ പ്രതിമയെ പറ്റിയുള്ള വിവാദ  പ്രസ്താവന. സിനിമാ- സാംസ്കാരിക മേഖലയിൽ നിന്നും ഒരുപാട് പേർ അലൻസിയർക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ധ്യാൻ ശ്രീനിവാസനും അലൻസിയർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. അലൻസിയർ നടത്തിയത് വെറുതെ ആളാകാനുള്ള ശ്രമമാണെന്നാണ് ധ്യാൻ പറയുന്നത്.

“അലൻസിയർ ചേട്ടൻ വളരെ അടുത്ത സുഹൃത്തും, ജ്യേഷ്ഠതുല്യനുമാണ്. അങ്ങനെയൊരു അഭിപ്രായമുണ്ടായിരുന്നെങ്കിൽ ആ പരിപാടിക്ക് പോകാതിരിക്കുകയാണ് വേണ്ടത്. ബഹിഷ്ക്കരിക്കുകയോ മറ്റോ ചെയ്യണമായിരുന്നു. അല്ലാതെ പോയി അവാർഡ് വാങ്ങിയ ശേഷം ഇത് പറഞ്ഞ് കേട്ടപ്പോൾ ഈ കാര്യം  പറയാൻ വേണ്ടി പോയത് പോലെയാണ് എനിക്ക് തോന്നിയത്.” ധ്യാൻ പറഞ്ഞു.

സ്റ്റേജ് കിട്ടുമ്പോൾ പലർക്കും ഒന്ന് ഷൈൻ ചെയ്യാൻ തോന്നും. അതുകൊണ്ട് തന്നെ അത് ഒരു പബ്ലിസിറ്റി സ്റ്റണ്ടായി തോന്നി.  സ്റ്റേറ്റ് അവാർഡ് ഫങ്ഷനിൽ പോയി അത്തരമൊരു കാര്യം പറഞ്ഞതിന് ഇവിടുത്തെ സിസ്റ്റമാണ് ആൾക്ക് എതിരെ ആക്ഷൻ എടുക്കേണ്ടത്. എടുക്കാത്തത് എന്തുകൊണ്ടാണെന്ന്  തനിക്ക് അറിയില്ലെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

തന്റെ പുതിയ സിനിമയായ ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിയിലായിരുന്നു ധ്യാൻ അലൻസിയർക്കെതിരെ അഭിപ്രായം പറഞ്ഞത്.  പെൺ പ്രതിമ തന്ന്  പ്രലോഭിപ്പിക്കരുതെന്നും, ആൺ കരുത്തുള്ള മുഖ്യമന്ത്രിയുള്ളപ്പോൾ ആൺ കരുത്തുള്ള പ്രതിമ തരണം എന്നുമാണ് അലൻസിയർ പറഞ്ഞത്. എന്നാൽ പറഞ്ഞ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ താരം തയ്യാറായില്ല.