എമ്പുരാന്‍ എന്ന് വരും? ആരാധകരോട് പൃഥ്വിരാജിന്റെ വാക്ക്

പൃഥ്വിരാജ് മോഹന്‍ലാല്‍ ചിത്രം എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങനെ കുറിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

ഷൂട്ടിങ് ഈ വര്‍ഷം ആരംഭിക്കാന്‍ സാധ്യതയില്ലെന്നും 2023 ആദ്യമാകും ഷൂട്ടിങ് ആരംഭിക്കാന്‍ കഴിയുകയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വി പറഞ്ഞു. എമ്പുരാന്‍ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ജനഗണമന എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പൃഥ്വി ഇക്കാര്യം പറഞ്ഞത്. ആടുജീവിതത്തിന് ശേഷം കമ്മിറ്റ് ആയിട്ടുള്ള ഒത്തിരി ചിത്രങ്ങളുണ്ടെന്നും അതില്‍ ഏറ്റവും പ്രാധാന്യം എമ്പുരാനാണെന്നും പൃഥ്വി പറയുന്നു.

എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വി മനസ്സ് തുറന്നിരുന്നു. ‘ദുല്‍ഖറും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്.എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.