പ്രേമലുവിൽ 'ഹൃദയ'ത്തിനിട്ട് നല്ല താങ്ങു താങ്ങിയിട്ടുണ്ട്: വിനീത് ശ്രീനിവാസൻ

‘ഹൃദയ’ത്തിന് ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘വർഷങ്ങൾക്കു ശേഷം’. ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ പ്രണവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികാണുന്നത്. കൂടാതെ 2013- ൽ പുറത്തിറങ്ങിയ ഏറെ നിരൂപക പ്രശംസകൾ നേടിയ ‘തിര’ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വർഷങ്ങൾക്കു ശേഷം.

അതേസമയം നസ്ലെൻ, മമിത ബൈജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന ചിത്രത്തിൽ വിനീതിന്റെ മുൻചിത്രമായ ഹൃദയത്തെ ട്രോളുന്ന ചില രംഗങ്ങളുണ്ട്. കണ്ണിൽ നോക്കി പെൺകുട്ടി സിംഗിൾ ആണെന്ന് പറയുന്നതും, കോളേജിലെ സീക്രട്ട് ആലിയുടെയും റെഫറൻസുകൾ പ്രേമലുവിൽ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

പ്രേമലുവിൽ ഹൃദയത്തിനിട്ട് അവർ നല്ല താങ്ങു താങ്ങിയിട്ടുണ്ടെന്നും, അതുപോലെ തന്നെ വർഷങ്ങൾക്ക് ശേഷത്തിൽ പോത്തേട്ടനെയും ശ്യാം പുഷ്കരനെ കുറിച്ചുമെല്ലാം പറയുന്നുണ്ടെന്നുമാണ് വിനീത് പറഞ്ഞത്. കൂടാതെ എല്ലാം നമ്മുടെ ആളുകൾ ആയതുകൊണ്ട് ആർക്കും ഒരു പ്രശ്‌നവുമില്ലെന്നുമാണ് വിനീത് പറയുന്നത്.

“വർഷങ്ങൾക്ക് ശേഷത്തിൽ ഞങ്ങൾ ഒരുപാട് ട്രോളുകൾ ഉപയോഗിച്ചിട്ടുണ്ട്. അപ്പുവിനെ ഞങ്ങൾ ട്രോൾ ചെയ്‌തിട്ടുണ്ട്. ആ സീനിൽ അപ്പു തന്നെ ഡബ്ബും ചെയ്തിട്ടുണ്ട്.
നിവിൻ നമ്മുടെ അടുത്ത സുഹൃത്താണ്. അവൻ ഭീകരമായി നമ്മളെ അറ്റാക്ക് ചെയ്യുന്നുണ്ട്. നിവിൻ പറയുന്ന, അവൻ്റെ മകനും ഇവൻ്റെ മകനും എന്നൊക്കെയുള്ള ഡയലോഗുകൾ നമുക്കുള്ള അറ്റാക്കാണ്. അങ്ങനെ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമാവുമ്പോൾ പ്രശ്‌നം ഇല്ലല്ലോ.

അതുപോലെ ഇതിൽ, അതെ അതെ എന്ന് പറയുന്ന ഒരു സാധനമുണ്ട്. അത് ഷാനുവിന് ഉള്ളതാണ്. അവനും നമ്മുടെ സുഹൃത്താണ്. ഇതൊന്നും ആർക്കും പ്രശ്‌നമാവുന്ന കാര്യങ്ങളുമല്ല ആളുകളുമല്ല. പ്രേമലുവിൽ ഹൃദയത്തിനിട്ട് അവർ നല്ല താങ്ങു താങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ വർഷങ്ങൾക്ക് ശേഷത്തിൽ പോത്തേട്ടനെയും ശ്യാമിനെയും കുറിച്ചുമെല്ലാം പറയുന്നുണ്ട്. എല്ലാം നമ്മുടെ ആളുകൾ ആയതുകൊണ്ട് ആർക്കും ഒരു പ്രശ്‌നവുമില്ല.” എന്നാണ് സൈനക്ക് നൽകിയ അഭിമുഖത്തിൽ വിനീത് പറഞ്ഞത്.

Read more