ദിലീപേട്ടന്‍ വാപ്പച്ചിയുടെ പടത്തിന്റെ സെറ്റിലുണ്ടെന്ന് പറഞ്ഞ് വിളിച്ചത് ഫഹദ് ആണ്.. ധൈര്യം കിട്ടാത്തതു കൊണ്ട് ആദ്യം കഥ പറഞ്ഞില്ല; 'പവി കെയര്‍ ടേക്കറി'നെ കുറിച്ച് വിനീത്

ദിലീപിനോട് ‘പവി കെയര്‍ ടേക്കര്‍’ ചിത്രത്തിന്റെ കഥ പറഞ്ഞതിനെ കുറിച്ച് പറഞ്ഞ് വിനീത് കുമാര്‍. ഫഹദ് ഫാസിലിനൊപ്പം ദിലീപേട്ടനെ കാണാന്‍ പോയെങ്കിലും ധൈര്യം കിട്ടാത്തതു കൊണ്ട് കഥ പറഞ്ഞില്ല. പിന്നീട് സംവിധായകന്‍ ലാല്‍ജോസിനാടാണ് കഥ പറയുന്നത്. അദ്ദേഹമാണ് ദിലീപിനെ വിളിച്ച് സംസാരിച്ചത് എന്നാണ് വിനീത് പറയുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് വിനീത് ഇക്കാര്യം പറഞ്ഞത്.

ഈ സിനിമയുടെ യാത്ര തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. ‘അയാള്‍ ഞാനല്ല’ എന്ന സിനിമ ഫഹദുമായി ചെയ്തതിന് ശേഷം രണ്ടാമത്തെ സിനിമ ഒരുമിച്ച് ചെയ്യാം എന്ന് തീരുമാനിച്ചിരുന്നു. ഈ കഥ കേട്ടപ്പോള്‍ ഇത് ഫഹദ് ചെയ്യേണ്ട ഒരു കഥാപാത്രം അല്ലെന്ന് തോന്നി. ഞാന്‍ രാജേഷിനോട് ചോദിച്ചു ആരായിരിക്കും പവിത്രന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന്.

രാജേഷ് പറഞ്ഞു, എന്റെ മനസില്‍ ദിലീപേട്ടന്‍ ആണെന്ന്. എന്റെ മനസിലും വേറൊരാള്‍ വന്നില്ല. ഞാന്‍ ഫഹദിനോട്, ഫഹദേ ഒരു കഥയുണ്ട് എനിക്ക് അത് ദിലീപേട്ടനോട് പറയണമെന്ന് പറഞ്ഞു. ‘വാ നമുക്ക് പോയി പറയാം. ദിലീപേട്ടന്‍ ഇപ്പോള്‍ വാപ്പച്ചിയുടെ പടത്തിന്റെ സെറ്റിലുണ്ട്’ എന്ന് ഫഹദ് പറഞ്ഞു. അങ്ങനെ ഒരു ദിവസം ദിലീപേട്ടനെ പോയി കണ്ടു. പക്ഷേ കഥ പറയാനുള്ള ധൈര്യം കിട്ടാത്തതുകൊണ്ട് അന്ന് ഞാനൊന്നും പറഞ്ഞില്ല.

പിന്നെ രാജേഷ് പറഞ്ഞ കഥയുമായി ചെന്നത് ലാലുവേട്ടന്റെ അടുത്താണ്. ലാലുവേട്ടന്‍ ആണ് ദിലീപേട്ടനെ വിളിച്ച് എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിടുന്നത്. ഞാന്‍ ചെന്ന് ദിലീപേട്ടനോട് കഥ പറഞ്ഞ ഉടനെ അദ്ദേഹം ചോദിച്ചു, ഈ കഥ ആരാണ് നിര്‍മിക്കുന്നത്. അതൊന്നും ആലോചിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, ”കൂടുതല്‍ ഒന്നും ആലോചിക്കണ്ട ഇത് ഞാന്‍ തന്നെയാണ് നിര്‍മിക്കുന്നത്” എന്ന് പറയുകയായിരുന്നു.

ദിലീപേട്ടന്‍ എപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമാണ് ഭാഗ്യം അല്ലെങ്കില്‍ ദൈവാധീനം. അതുകൊണ്ടാണ് ഈ നിലയില്‍ എത്തിയത്. കൂടെ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പറയാം ഇത്രയും കഠിനാധ്വാനം ചെയ്യുന്ന വേറൊരു നടനില്ല. ഈ കഥ പറയാന്‍ ഞങ്ങള്‍ പോയത് വേറൊരു സിനിമയുടെ ലൊക്കേഷനില്‍ ആണ്.

അന്ന് പത്തരയ്ക്ക് ഷൂട്ടിംഗ് കഴിഞ്ഞു വന്ന ശേഷം ജിമ്മില്‍ പോയി, പിന്നീട് അന്നത്തെ ഷൂട്ടിന്റെ എഡിറ്റ് കാണാന്‍ പോയി, അതിന് ശേഷം പന്ത്രണ്ടരയ്ക്കാണ് ഞങ്ങള്‍ സ്‌ക്രിപ്റ്റ് വായന തുടങ്ങിയത്. പുലര്‍ച്ചെ മൂന്നര വരെ വായിച്ച് പിറ്റേന്ന് രാവിലെ ഷൂട്ടിന് പോയ മനുഷ്യനാണ്. പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്‍. അദ്ദേഹത്തിന്റെ കഠിനാധ്വാനം ആണ് അദ്ദേഹത്തെ ഇവിടെ എത്തിച്ചത് എന്നാണ് വിനീത് പറയുന്നത്.

Read more