ധ്രുവനച്ചത്തിരത്തിൽ എല്ലാം വിനായകൻ കൊണ്ടുപോയി; പ്രശംസകളുമായി എൻ. ലിംഗുസാമി

തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം നായകനാവുന്ന ​ഗൗതം മേനോൻ ചിത്രം ‘ധ്രുവനച്ചത്തിരം’. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബർ 24 ന് ചിത്രം തിയേറ്ററുകളിൽ എത്താൻ പോവുകയാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനൽ എഡിറ്റ് കണ്ടതിന് ശേഷം പ്രശംസകളുമായി എത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ എൻ. ലിംഗുസാമി.

“മുംബൈയിൽ വെച്ച് ചിത്രത്തിന്റെ ഫൈനൽ കട്ട് കണ്ടു. ഗംഭീര അനുഭവമായിരുന്നു ചിത്രം തന്നത്. നായകനായ വിക്രം കൂൾ ആയിരുന്നെങ്കിൽ, വില്ലനായെത്തിയ വിനായകൻ സിനിമയുടെ എല്ലാം കവർന്നെടുത്തു. ഹാരിസ് ജയരാജിനൊപ്പം ചേർന്ന് ​ഗൗതം മേനോൻ ഒരു രത്നംകൂടി ഈ സിനിമയിലൂടെ തന്നു.” എന്നാണ് എക്സ് പോസ്റ്റിലൂടെ ലിംഗുസാമി കുറിച്ചത്. കൂടാതെ സിനിമയിലെ മറ്റ് അഭിനേതാക്കളെയും അദ്ദേഹം പ്രശംസിച്ചു.

തന്റെ സിനിമയിൽ വിനായകൻ സ്റ്റൈലിഷ് ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നതെന്ന് നേരത്തെ ഗൗതം മേനോൻ പറഞ്ഞിരുന്നു. ഈ സിനിമ അദ്ദേഹത്തിന്റെ ബെസ്റ്റ് ആണ്. ഇക്കാര്യം അദ്ദേഹത്തിന് അറിയാമോ എന്നത് സംശയമാണ് എന്നും ഗൗതം മേനോൻ അന്ന് പറഞ്ഞിരുന്നു. റിതു വർമയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാർ. പാർത്ഥിപൻ, മുന്ന, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.