പ്രതിസന്ധി ഘട്ടങ്ങളിൽ മോശം സിനിമകൾ ചെയ്തിട്ടുണ്ട്: വിനയ് ഫോർട്ട്

മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് വിനയ് ഫോർട്ട്. കരിയറിന്റെ ആദ്യ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൊണ്ട് വിനയ് ഫോർട്ട് ഇപ്പോൾ കയ്യടി നേടാറുണ്ട്.

ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ എന്നീ ചിത്രങ്ങളിലെ വിനയ് ഫോർട്ടിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മോശം സിനിമകൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് വിനയ് ഫോർട്ട്.

“99% അത്തരം സിനിമകൾ ചെയ്യാറില്ല. പക്ഷേ ഒരു ശതമാനം ഞാൻ വിടുന്നുണ്ട്. ഭയങ്കര പ്രതിസന്ധി വരുമ്പോൾ അത്യന്ത്യം ജീവിതം എന്ന് പറയുന്ന ഒരു പരിപാടി ഉണ്ടല്ലോ. നമ്മൾ ഒരു വ്യക്തിയാണ്. നമ്മൾ സംരക്ഷിക്കേണ്ട ഒരുപാട് ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഒരു ശതമാനം ഞാൻ അങ്ങനെ ഒഴിവാക്കും.

99% അങ്ങനെയുള്ള സിനിമകൾ ചെയ്യാതിരിക്കാൻ ശ്രമിക്കും. ആ ഒരു ശതമാനം ഞാൻ ചെയ്‌തിട്ടുണ്ട്. ‘പൈസ വാങ്ങി സിനിമയിൽ അഭിനയിച്ചു. പ്രൊഡ്യൂസർ പൈസ തന്നു കഴിഞ്ഞാൽ അവർ ചോദിക്കുന്നതുപോലെ, റീസണബിൾ ദിവസങ്ങളിൽ നമ്മൾ പോയിരിക്കാൻ ബാധ്യസ്ഥരാണ്.” എന്നാണ് മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ വിനയ് ഫോർട്ട് പറഞ്ഞത്.