കാൽ മുറിച്ചുമാറ്റണമെന്നാണ് അന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞത്; അപകടത്തെ കുറിച്ച് വിക്രം

ഒരിടവേളയ്ക്ക് ശേഷം വിക്രം വീണ്ടും കോളിവുഡിൽ സജീവമാവുകയാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോലാർ ഗോൾഡ് ഫാകടറിയിൽ നടന്ന സംഭവവികാസങ്ങളെ ആസ്പദമാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ തങ്കലാനിൽ വിക്രമിന്റെ മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ കോളേജ് പഠനകാലത്ത് തനിക്കുണ്ടായ ഒരു അപകടത്തെ കുറിച്ച് സംസാരിക്കുകയാണ് വിക്രം. കാലിന്റെ മുട്ടുമുതൽ കണങ്കാൽ വരെ അപകടത്തിൽ തകർന്നുവെന്നും, കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതെന്നും വിക്രം ഓർക്കുന്നു.

“വളരെ ചെറുപ്പമാണ്. സിനിമയേക്കുറിച്ച് സ്വപ്നം കാണ്ടുതുടങ്ങുന്ന സമയം. കോളേജിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനേക്കുറിച്ച് ത്രില്ലടിച്ച് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കാലിന്റെ മുട്ടുമുതൽ കണങ്കാൽവരെ തകർന്നു. ​ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചുമാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. പിന്നീട് 23 ശസ്ത്രക്രിയകളാണ് കാലിന് നടത്തിയത്.” എന്നാണ് തങ്കലാൻ ഓഡിയോ ലോഞ്ചിനിടെ വിക്രം പറഞ്ഞത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന പിരിയഡ്- ഡ്രാമ ചിത്രമായതുകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തങ്കലാൻ.

ചിത്രത്തിന്റെ ട്രെയ്​ലറിന് ഗംഭീര പ്രതികരങ്ങളാണ് ലഭിച്ചത്. പുറത്തുവിട്ട ആദ്യ ഗാനത്തിനും മികച്ച പ്രശംസകളാണ് ലഭിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ചിയാൻ വിക്രമിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് ട്രെയ്​ലർ ഉറപ്പ് തരുന്നുണ്ട്. പിരിയഡ്- ആക്ഷൻ ചിത്രമായ തങ്കലാൻ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നായി മാറാനുള്ള സാധ്യതകളാണ് ട്രെയ്​ലറിൽ കാണുന്നത്. ആഗസ്റ്റ് 15 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

അതേസമയം പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നീ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്നാണ് തങ്കലാൻ നിർമ്മിക്കുന്നത്. ജി. വി പ്രകാശ്കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സ് ആണ് തങ്കലാനിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.

Read more