നാടകം നടന്നു കൊണ്ടിരിക്കെ അവര്‍ സ്റ്റേജിലേക്ക് ബോംബെറിഞ്ഞു, പേരായിരുന്നു പ്രശ്‌നം; ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് വിജയകുമാരി. പല ഹിറ്റ് പരമ്പരകളിലും ഇവര്‍ ഭാഗമായിരുന്നു. നാടകത്തില്‍ നിന്നാണ് വിജയകുമാരി സിനിമയിലേക്ക് കടന്നുവരുന്നത്. ഇപ്പോഴിതാ നാടകകാലത്തെ തനിക്ക് മറക്കാനാവാത്ത ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് വിജയകുമാരി.

ഒരിക്കല്‍ ബോംബെയില്‍ അഭിനയിക്കാന്‍ പോയപ്പോല്‍ വേദിയിലേക്ക് ബോംബെറിഞ്ഞ സംഭവത്തെക്കുറിച്ചാണ് വിജയകുമാരി മനസ് തുറന്നിരിക്കുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ വച്ചായിരുന്നു വിജയകുമാരി മനസ് തുറന്നത്.

ഞങ്ങളുടെ ആദ്യത്തെ നാടകമാണ്. സ്റ്റേജില്‍ ഞങ്ങള്‍ രണ്ടു പേരുമാണ്. നാടകത്തിന്റെ പേര് വിഷ സര്‍പ്പത്തിന് വിളക്ക് വെക്കരുത്. കെപിഎസിയാണ് നാടകം കളിക്കുന്നത്. ഇവിടെ നിന്നുള്ള ഒരു വിഭാഗത്തിന് അത് ശരിയല്ലെന്ന് തോന്നി.

ഞങ്ങള്‍ നാടകം കളിക്കുന്ന സ്റ്റേജിന്റെ അപ്പുറത്തുള്ള ഫ്ളാറ്റില്‍ താമസിക്കുന്നവരെ സ്വാധീനിച്ച് അവിടെ കയറിപ്പറ്റി അവര്‍. നാടകം തുടങ്ങിയ ശേഷം ബോംബെറിഞ്ഞു. ഞങ്ങളായിരുന്നു സ്റ്റേജില്‍ നിന്നത്. ബോംബ് സ്റ്റേജില്‍ വീണില്ല, മുന്നിലാണ് വീണത്. ബഹളമായി. ആള്‍ക്കാരൊക്കെ ഇറങ്ങി ഓടി.

ഭാഗ്യത്തിന് ആള്‍ക്കാര്‍ക്ക് ഒന്നും പറ്റിയില്ല. എവിടെ നാടകം കളിച്ചാലും പാര്‍ട്ടിയുടെ ആള്‍ക്കാരുണ്ടാകുമമല്ലോ. ഭാഗ്യത്തിന് അവര്‍ വന്നു. . ഒടുവില്‍ കറന്റൊന്നും ഇല്ലാതെ പെട്രോമാക്സ് കത്തിച്ചു വച്ചാണ് ഞങ്ങള്‍ നാടകം കളിച്ചത്. 86 ലാണ് സംഭവം. അതിനെയൊക്കെ അതിജീവിച്ചത് എന്‍എന്‍ പിള്ള സാറിന്റെ നാടകങ്ങളാണ്. അദ്ദേഹം പറയുന്നള്ളത് ഒന്നും നോക്കാതെ പറയുമായിരുന്നു. വിജയകുമാരി പറയുന്നു.