'ഞാന്‍ ഏറെ അസ്വസ്ഥനാണ്'; അര്‍ജ്ജുന്‍ റെഡ്ഡി വിവാദത്തില്‍ വിജയ് ദേവേരകൊണ്ട

അര്‍ജ്ജുന്‍ റെഡ്ഡി എന്ന സിനിമയ്‌ക്കെതിരെ പാര്‍വതി തിരുവോത്ത് നടത്തിയ പരാമര്‍ശത്തിന്‍റെ ചുവടു പിടിച്ച് രൂപപ്പെട്ട വിവാദത്തില്‍ താന്‍ ഏറെ അസ്വസ്തനാണെന്ന് വിജയ് ദേവേരകൊണ്ട. പാര്‍വതിയുടെ അഭിപ്രായ പ്രകടനത്തിന്റെ ചുവടുപിടിച്ച് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നാണ് വിജയ് അഭിപ്രായപ്പെടുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വെര്‍സേഷനില്‍ സംസാരിക്കവേയാണ് വിജയ് ഇക്കാര്യം പറഞ്ഞത്.

“ഞാന്‍ ഏറെ അസ്വസ്ഥനാണ്. പാര്‍വതി പറഞ്ഞത് മനസ്സില്‍ കൊണ്ടു നടക്കേണ്ട കാര്യം എനിക്കില്ല. പാര്‍വതിയെ എനിക്ക് വലിയ ഇഷ്ടമാണ്. അവരുടെ ചോദ്യത്തില്‍ എനിക്ക് തെറ്റായൊന്നും തോന്നിയിട്ടില്ല. നല്ല ഉദ്ദേശ്യമാണ് അവരുടെ ചോദ്യത്തിന് പിന്നിലുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ചുവടുപിടിച്ചു നടക്കുന്ന ചര്‍ച്ചകള്‍ എന്നെ അലോസരപ്പെടുത്തുന്നു. എന്റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നതില്‍ എനിക്ക് താല്‍പര്യമില്ല. അവരെന്താണ് സംസാരിക്കുന്നതെന്ന് പോലും അവര്‍ക്കറിഞ്ഞുകൂടാ. സിനിമയെ കുറിച്ചോ, അഭിമുഖത്തെ കുറിച്ചോ നിങ്ങള്‍ എന്താണ് ചിന്തിക്കുന്നതെന്ന് ഞാന്‍ കാര്യമാക്കുന്നില്ല.” വിജയ് പറഞ്ഞു.

ഫിലിം കമ്പാനിയന്റെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍ സംസാരിച്ചപ്പോഴാണ് പാര്‍വതി അര്‍ജ്ജുന്‍ റെഡ്ഡി എന്ന സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. പരസ്പരം ഉപദ്രവിക്കാതെ ഇഷ്ടവും പ്രേമവും പങ്കുവയ്ക്കാന്‍ കഴിയില്ലെന്നു പറയുകയും അതു ആളുകള്‍ കൊണ്ടാടുകയും ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്നാണ് “അര്‍ജുന്‍ റെഡ്ഢി” എന്ന ചിത്രത്തെ പരാമര്‍ശിച്ചു കൊണ്ട് പാര്‍വതി അഭിപ്രായപ്പെട്ടത്. ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.