എനിക്ക് ബോദ്ധ്യമുള്ള കാര്യങ്ങളാണ് ചെയ്യുന്നത്, മറ്റുള്ളവര്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന് നോക്കാറില്ല: വിവാദങ്ങളില്‍ വിജയ് ദേവരകൊണ്ട

നടന്‍ വിജയ് ദേവരകൊണ്ട നായകനായി പുരി ജഗന്നാഥ് സംവിധാനം നിര്‍വ്വിച്ച ലൈഗര്‍ ബോക്‌സോഫീസില്‍ വലിയ പരാജയമാണ് നേരിട്ടത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകനും വിതരണക്കാരും തമ്മില്‍ വലിയ തര്‍ക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് നേരിട്ട നഷ്ടം പരിഹരിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് മൗനം വെടിഞ്ഞിരിക്കുകയാണ് യുവതാരം.

ബോധ്യമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും അതെങ്ങനെ മറ്റുള്ളവര്‍ സ്വീകരിക്കുന്നു എന്നത് തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന് വിജയ് ദേവരകൊണ്ട ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പരാജയം കഴിയുന്നത്ര നന്നായി കൈകാര്യം ചെയ്‌തോ എന്ന് ഉറപ്പില്ല. ഒരു പ്രത്യേക ഘട്ടത്തില്‍ തനിക്ക് തോന്നുന്നതെന്തും പ്രകടിപ്പിക്കാന്‍ ഒരിക്കലും മടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റചിത്രം കൂടിയാണ് ലൈഗര്‍. അനന്യ പാണ്ഡേ നായികയായ ചിത്രത്തില്‍ ബോക്‌സിങ് ഇതിഹാസ് മൈക്ക് ടൈസണും ഒരു സുപ്രധാന വേഷത്തിലുണ്ടായിരുന്നു. കരണ്‍ ജോഹറിന്റെ ധര്‍മാ പ്രൊഡക്ഷന്‍സ് നിര്‍മിച്ച ചിത്രം ആ?ഗസ്റ്റ് 25-നായിരുന്നു പാന്‍ ഇന്ത്യന്‍ ചിത്രമായി തിയേറ്ററുകളിലെത്തിയത്.

കനത്ത പരാജയം മൂലം പ്രതിഫലമായി വാങ്ങിയ തുകയില്‍ നിന്നും ആറ് കോടി നടന്‍ തിരിച്ചു കൊടുത്തെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ലൈഗറിന്റെ പരാജയം കനത്ത നഷ്ടമുണ്ടാക്കിയതിനാല്‍ നഷ്ട പരിഹാരം തരണമെന്നാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നത്.

Read more

ഇതിനായി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ സമരം നടത്തുകയാണ് വിതരണക്കാര്‍. സമരത്തിനെതിരെ ചിത്രത്തിന്റെ സംവിധായകനും കോ പ്രൊഡ്യൂസറുമായ പൂരി ജഗന്നാഥ് രംഗത്ത് വന്നിട്ടുണ്ട്. തെലുങ്ക് സിനിമാ ലോകത്ത് വലിയ വിവാദമായിരിക്കുകയാണ് വിഷയം.