'വെള്ളം ഇല്ല, മാലിന്യം കുമിഞ്ഞുകൂടുന്നു, പിന്നാലെ ചൂട്, രോഗങ്ങള്‍': കൊച്ചിയിലെ ജീവിതം നരകമായി തീര്‍ന്നെന്ന് വിജയ് ബാബു

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടുത്തം മൂലമുള്ള വിഷപ്പുകയിലകപ്പെട്ട് കൊച്ചിയിലെ ജനങ്ങള്‍ വന്‍ ദുരിതം അനുഭവിക്കുകയാണെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. കൊച്ചിയില്‍ ശുദ്ധജലം ഇല്ലെന്നും

കൊതുകുകള്‍ പെരുകി രോഗങ്ങള്‍ പടരുകയാണെന്നും പറഞ്ഞ അദ്ദേഹം, കൊച്ചിയിലെ ജീവിതം നരകമായി തീര്‍ന്നിരിക്കുകയാണെന്നും സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കൊച്ചിയില്‍ പുകയും ചൂടും മാത്രമാണെന്നും വിജയ് ബാബു പറയുന്നു.


നേരത്തെ, സംവിധായകന്‍ വിനയനും ഇതെ ആശങ്ക പങ്കുവെച്ച് രംഗത്ത് വന്നിരുന്നു. സ്ലോ പോയിസണ്‍ പോലെ മനുഷ്യന്റെ ജീവനെതന്നെ ഇല്ലായ്മ ചെയ്യാന്‍ പോന്ന വിപത്തിന്റെ ആഴം അധികാരികള്‍ക്ക് മനസിലായിട്ടുണ്ടോയെന്ന് ചോദിക്കുകയാണ് സംവിധായകന്‍ വിനയന്‍.

പാലാരിവട്ടത്തു താമസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഈ വിഷപ്പുകയുടെ ഏറ്റവും ദുരന്തപുര്‍ണ്ണമായ അവസ്ഥ കണ്ടിട്ട് ഭയം തോന്നുന്നുവെന്നും, വീടുകളെല്ലാം ജനാലകള്‍ പോലും തുറക്കാതെ അടച്ചിട്ടിട്ട് ദിവസങ്ങള്‍ ആയെന്നും അദ്ദേഹം ആശങ്കയോടെ അറിയിച്ചു.

അതേസമയം, ബ്രഹ്‌മപുരം വിഷയത്തില്‍ പ്രതികരണവുമായി എറണാകുളം മേയറും ജില്ലാ കളക്ടറും രംഗത്ത് വന്നിരുന്നു. ബ്രഹ്‌മപുരത്തെ പ്രശ്‌നങ്ങള്‍ മനസിലാക്കി മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് ദീര്‍ഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ കെ ഉമേഷ് പറഞ്ഞു.