കിങ്ഡം ഇൻട്രോ സീനിൽ എനിക്ക് കോൺഫിഡൻസ് തന്നത് വിജയ് സേതുപതിയുടെ ആ പെർഫോമൻസ്: മനസുതുറന്ന് വെങ്കിടേഷ്

വിജയ് ദേവരകൊണ്ട നായകനായ കിങ്ഡം സിനിമയുടെ റിലീസ് സമയത്ത് സോഷ്യൽ മീഡിയയിൽ നിറഞ്ഞ താരമാണ് വെങ്കിടേഷ്. സൂപ്പർതാര ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ വെങ്കി നടത്തിയ സ്പീച്ചാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. റിയാലിറ്റി ഷോയിലൂടെ തുടങ്ങി ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് ഇപ്പോൾ തെലുങ്ക് ഇൻഡസ്ട്രി വരെ എത്തിനിൽക്കുന്നതാണ് നടന്റെ സിനിമാ കരിയർ. കിങ്ഡം സിനിമയിൽ വില്ലൻ റോളിലാണ് നടൻ എത്തുന്നത്. കിങ്ഡത്തിലെ ഇൻട്രോ സീനിൽ എനിക്ക് കോൺഫിഡൻസ് തന്നത് വിക്രം സിനിമയിലെ വിജയ് സേതുപതിയുടെ പെർഫോമൻസാണെന്ന് പറയുകയാണ് വെങ്കി. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് നടൻ സംസാരിച്ചത്.

സിക്സ് പാക്കോ, കട്ടിങ്ങോ ഒന്നും ഇല്ലാതെ തന്നെ വില്ലനായി മാസ് കാണിക്കാൻ സാധിക്കും എന്ന വിശ്വാസം തനിക്ക് തന്നത് വിജയ് സേതുപതിയായിരുന്നു എന്ന് വെങ്കി പറയുന്നു. “ഇൻട്രോയ്ക്കായി ആദ്യം എടുക്കുന്നത് ഒരു ബാക്ക് ഷോട്ടാണ്. വിക്രം സിനിമയ്ക്കകത്ത് വിജയ് സേതുപതിയുടെ ഒരു ഇൻട്രോ സീനുണ്ട്. അതിൽ പുള്ളി ഷർട്ട്ലെസ് ആണ്. പുള്ളിക്കും വയറുണ്ട്. അതായിരുന്നു എനിക്ക് കോൺഫിഡൻസ് കൂട്ടിത്തന്നത്. നമ്മൾ നമ്മുടെ ശരീരത്തിൽ അണ്ടർ കോൺഫിഡന്റായി ഇരിക്കുന്നത് എന്തിനാണ് എന്ന് തോന്നിയത് അപ്പോഴാണ്. സിനിമയുടെ പോക്കിനിടയിലാണ് ഇതാണ് എന്റെ ഇൻട്രോ എന്ന് ഞാൻ മനസിലാക്കുന്നത്.

Read more

ഷർട്ട് ഇല്ലാതെ വരണം, ഞാനാണെങ്കിൽ സിനിമയ്ക്കായി എട്ട് കിലോ കൂട്ടിയിട്ടുണ്ടായിരുന്നു. എനിക്ക് നല്ല വയറുണ്ടായിരുന്നു. എനിക്ക് സിക്സ് പാക്കോ കട്ടിങ്ങോ ഒന്നുമില്ല. പക്ഷെ, ഇതൊന്നും എന്റെ മനസിൽ ഉണ്ടായിരുന്നില്ല. ബാക്ക് ഷോട്ട് ആയതുകൊണ്ടുതന്നെ കോൺഫിഡൻസ് ഇരട്ടിയായി. ആദ്യം ഷർട്ട് ഊരിയപ്പോൾ ഒരു ചമ്മലുണ്ടായിരുന്നു. പക്ഷെ, ആ ചമ്മൽ മാറാതെ നമുക്ക് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട്, ഞാൻ ഷർട്ട് ഇടാതെ തന്നെ പിന്നെ എല്ലായിടത്തും നടക്കാൻ തുടങ്ങി. ഷൂട്ട് ചെയ്ത പല ഭാ​ഗങ്ങളും കട്ട് ആക്കിയിരുന്നു. പക്ഷെ, എന്നിരുന്നാലും ആ പരിപാടിയിൽ ഞാൻ ഭയങ്കര ഹാപ്പി ആയിരുന്നു”, അഭിമുഖത്തിൽ വെങ്കിടേഷ് പറഞ്ഞു.